പത്തിൽ എട്ട് വിക്കറ്റും നേടി സോനം യെഷേ; ട്വന്റി20യിൽ ലോക റെക്കോഡിട്ട് ഭൂട്ടാൻ സ്പിന്നർ

തിംഫു (ഭൂട്ടാൻ): ഒരു അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോഡ് ഇനി ഭൂട്ടാൻ സ്പിന്നർ സോനം യെഷേക്ക് സ്വന്തം. മ്യാന്മറിനെതിരെ കഴിഞ്ഞ ദിവസം നടന്ന കളിയിൽ നാല് ഓവർ എറിഞ്ഞ യെഷേ ഒരു മെയ്ഡനടക്കം ഏഴ് റൺസ് മാത്രം വഴങ്ങി എട്ട് വിക്കറ്റാണ് നേടിയത്.
2023ൽ ചൈനക്കെതിരായ മത്സരത്തിൽ എട്ട് റൺസിന് ഏഴ് വിക്കറ്റെടുത്ത മലേഷ്യ പേസർ സിയാസ്റുൽ ഇദ്രൂസിന്റെ ബൗളിങ്ങായിരുന്നു ഇതുവരെ ഏറ്റവും മികച്ച പ്രകടനം. മ്യാന്മറിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഭൂട്ടാൻ 128 റൺസ് വിജയ ലക്ഷ്യമാണ് കുറിച്ചത്. യെഷേയുടെ മാരക ബൗളിങ്ങിൽ തകർന്നടിഞ്ഞ മ്യാന്മർ വെറും 45 റൺസിന് എല്ലാവരും പുറത്തായി.
2022ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് സോനം. 34 ട്വന്റി20 മത്സരങ്ങളിലായി ഇതുവരെ 37 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
