ലൈംഗികാധിക്ഷേപക്കേസിൽ ബോബി ചെമ്മണൂർ ജയിലിലേക്ക്; ജാമ്യാപേക്ഷ തള്ളി
കൊച്ചി: ലൈംഗികാധിക്ഷേപക്കേസിൽ ബോബി ചെമ്മണൂരിന് ജാമ്യമില്ല. ജാമ്യാപേക്ഷ കൊച്ചി സിജെഎം കോടതി തള്ളി. കേസിൽ ബോബിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. നടി ഹണി റോസിന്റെ പരാതിയിലാണു നടപടി.
വിധി കേട്ടതിനു പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കോടതിയില്‍ തലകറങ്ങിവീണ ബോബി കോടതിയില്‍ വിശ്രമത്തിലാണ്. ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റും.
കുന്തിദേവി പരാമർശം ദ്വയാർഥപ്രയോഗമാണെന്നും ലൈംഗികച്ചുവയുള്ള പരാമർശമാണെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് ജാമ്യം നൽകരുത്. ജാമ്യം നൽകിയാൽ അതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. സമൂഹമാധ്യമങ്ങൾ വഴി മോശം പരാമർശറം നടത്തുന്നവർക്ക് അതു പ്രോത്സാഹനമാകും. പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ട്. സ്വാധീനം ഉള്ളയാളാണെന്നും ഒളിവിൽ പോകാനിടയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
30 മണിക്കൂറായി പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ഒരുപാട് സ്ഥലത്ത് വ്യവസായമുള്ള, ഒട്ടേറെ പേർക്ക് ജോലി കൊടുക്കുന്ന ആളാണെന്നും കേസിൽ വാദത്തിനിടെ ബോബിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഈ പരിപാടിയിൽ മാത്രമല്ല, മുൻപും ഇവരെ ഹണി റോസിനെ അതിഥിയായി വിളിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ കുന്തിദേവിയോട് ആണ് ഉപമ പറഞ്ഞതെന്നും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ അല്ലെന്നും പ്രതിഭാഗം വാദിച്ചു.
ശരീരത്തില്‍ പരിക്കുണ്ട്. കാലിനും നട്ടെല്ലിനും പരിക്കേറ്റെന്നും കോടതിയിൽ ബോബി ചെമ്മണൂർ പറഞ്ഞു. രണ്ട് ദിവസം മുൻപ് വീണാണു പരിക്കേറ്റത്. ഇതിൽ പൊലീസിനോട് പരാതിയില്ലെന്നും ബോബി പറഞ്ഞു.
പരിപാടിയുടെ ഫേസ്ബുക്ക് ലിങ്ക് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇപ്പോഴും നടിയുടെ ഫേസ്ബുക്കിൽ ഈ ദൃശ്യങ്ങളും ഫോട്ടോകളും ഉണ്ട്. പിന്നീട് പരിപാടി കഴിഞ്ഞ് ഫേസ്ബുക്കിൽ നടി തന്നെ ദൃശ്യങ്ങളും ഫോട്ടോകളും പങ്കുവച്ചു. പരിപാടി കഴിയാൻ നേരത്ത് ബോബിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.