മസ്തിഷ്ക മരണം: ജയിൽ ഉദ്യോഗസ്ഥൻ അനീഷ് ഇനി എട്ട് പേരിലൂടെ ജീവിക്കും; ഹൃദയമുൾപ്പെടെ ദാനം ചെയ്തു

മസ്തിഷ്ക മരണം: ജയിൽ ഉദ്യോഗസ്ഥൻ അനീഷ് ഇനി എട്ട് പേരിലൂടെ ജീവിക്കും; ഹൃദയമുൾപ്പെടെ ദാനം ചെയ്തു

കോട്ടയം: ‌ശബരിമല ദർശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ജയിൽ ഉദ്യോഗസ്ഥൻ എ.ആർ അനീഷ് ഇനി എട്ട് പേരിലൂടെ ജീവിക്കും. പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ അനീഷിന്റെ ഹൃദയം ഉള്‍പ്പെടെ ഒമ്പത് അവയവങ്ങളാണ് ദാനം ചെയ്തത്.

മൂന്ന് ആശുപ്രതികളിലായാണ് അവയവദാന ശസ്ത്രക്രിയ പൂർത്തിയായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ആദര സൂചകമായി സെറിമോണിയൽ വോക്ക് ചടങ്ങ് നടത്തും. ഈ മാസം 17നാണ് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അനീഷ് കുഴഞ്ഞുവീണത്. തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം.

തുടർന്ന്, കുടുംബം അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയും ദാനം ചെയ്തവയിൽ ഉൾപ്പെടുന്നു. അനീഷ് എട്ടു പേരിലൂടെ ജീവിക്കുമെന്നത് ദുഃഖത്തിലും ആശ്വാസം പകരുന്ന കാര്യമാണെന്ന് സഹോദരങ്ങൾ പറഞ്ഞു.

അനീഷിന്റെ മരണത്തിൽ ദുഃഖമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രം​ഗത്തെത്തിയിരുന്നു. അനീഷിന്റെ അപ്രതീക്ഷിത വിയോഗം അത്യന്തം വേദനാജനകമാണെന്നും മരണാനന്തരവും തന്റെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്ക് പുതുജീവനേകിയാണ് അദ്ദേഹം യാത്രയായതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വിയോഗത്തിന്റെ തീവ്രവേദനയിലും അവയവദാനത്തിന് സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ മാനവികതയുടെ ഏറ്റവും വലിയ മാതൃകയാണ് സമൂഹത്തിന് നൽകുന്നത്. അനീഷിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടേയും നാടിന്റെയും ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *