‘മെയിൻ പൈലറ്റിനെ സഹ പൈലറ്റ് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെ ഒരു പത്രസമ്മേളനം’; അടൂർ പ്രകാശിനെതിരെ ഒളിയമ്പുമായി ബി.ആർ.എം. ഷഫീർ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അതൃപ്തി പരസ്യപ്പെടുത്തി വാർത്തസമ്മേളനം നടത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പരോക്ഷമായി വിമർശിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ.

കഴിഞ്ഞദിവസം ഫ്ലൈദുബൈ വിമാനത്തിലുണ്ടായ സംഭവവുമായി ഉപമിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അടൂരിനെതിരെ വിമർശനം. ‘അതി വേഗതയിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെ ഒരു പത്രസമ്മേളനം’ – എന്നായിരുന്നു ഷഫീറിന്‍റെ കുറിപ്പ്. നിരവധി കോൺഗ്രസ് അനുഭാവികൾ പോസ്റ്റിൽ അനുകൂലിച്ചും എതിർത്തും കമന്‍റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അടൂർ പ്രകാശിന്‍റെ വാർത്തസമ്മേളനത്തിലെ തുറന്നുപറച്ചിലിനെ വിമർശിച്ച് ഇതിനകം നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. സർക്കാറിനെ പ്രതിരോധത്തിലാക്കി വാർത്തസമ്മേളനം നടത്തിയത് ശരിയായില്ലെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രതികരിച്ചത്. കേരളത്തിലെ സാധാരണക്കാരായ പ്രവർത്തകരുടെ വികാരമാണ് അദ്ദേഹം ഉയർത്തിക്കാട്ടേണ്ടത്. ഇരിക്കുന്ന പദവിക്ക് നിരക്കാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. പാർട്ടിക്ക് അകത്ത്, പാർട്ടി ഫോറങ്ങളിൽ പറയേണ്ട കാര്യങ്ങൾ പത്രസമ്മേളനം വിളിച്ച് പറഞ്ഞാൽ, ഇരിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കുന്ന കാര്യമാണോ എന്നും ഉണ്ണിത്താൻ ചോദിച്ചു.

മുന്നണിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും യു.ഡി.എഫിൽ ഒരു കൂടിയാലോചനയും നടക്കുന്നില്ലെന്നും ഇനി കാര്യങ്ങൾ താൻ മറച്ചുവെച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അടൂർ പ്രകാശ് തുറന്നുപറഞ്ഞത്. കഴിഞ്ഞ ദിവസം എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവി നൽകിയ തീരുമാനത്തിൽ കൂടിയാലോച്ചില്ലെന്നതാണ് അടൂർ പ്രകാശിനെ പ്രകോപിപ്പിച്ചതും പരാമർശങ്ങൾക്ക് കാരണമായതും. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്യുന്നു.

പരസ്യ വിമർശനത്തിലൂടെ സർക്കാറിനെയും മുന്നണിയെയും അസാധാരണ പ്രതിസന്ധിയിലേക്ക് വലിച്ചിടുകയാണ് പ്രകാശ് ചെയ്തത്. മുഖ്യമന്ത്രിക്ക് തിരക്കുകളുണ്ടാകും. എങ്കിൽ കൺവീനർ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ അറിയണമെന്നത് ദുഃഖകരമാണ്. യു.ഡി.എഫ് യോഗം വിളിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിയാണ്. എന്നാൽ, അദ്ദേഹം ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും പറയുന്നില്ല. യു.ഡി.എഫ് കൺവീനർ ചുമതല നൽകിയത് എ.ഐ.സി.സിയാണ്. അതിനാൽ തന്റെ അതൃപ്തി എ.ഐ.സി.സിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.