ക്ഷേത്ര വളപ്പിൽ വളർത്തു നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പ്രതിയെ തെങ്കാശിയിൽനിന്ന് സാഹസികമായി പിടികൂടി



പത്തനാപുരം: ക്ഷേത്ര വളപ്പിൽ വളർത്തു നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസ് ജീപ്പ് ഇടിച്ചു മറിക്കാനും ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് തെങ്കാശിയിൽ നിന്നു അറസ്റ്റ് ചെയ്തു. പിടവൂർ സത്യൻമുക്ക് മാവിളയിൽ സജീവിനെയാണ് വ്യാഴാഴ്ച പുലർച്ചെ പിടികൂടിയത്.

തിങ്കളാഴ്ച അർധരാത്രിയിൽ പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിനുള്ളിലാണ് സജീവ് അക്രമം നടത്തിയത്. ക്ഷേത്ര മുറ്റത്ത് കിടന്ന രണ്ട് വാഹനങ്ങളും ഇയാൾ തല്ലി തകർത്തിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിന് നേരെ സജീവ് തിരിയുകയായിരുന്നു. ഇയാളുടെ ജീപ്പ് ഉപയോഗിച്ച് പൊലീസ് ജീപ്പിലേക്ക് സിനിമാ സ്റ്റൈലിൽ ഇടിപ്പിച്ച് മറിച്ചിടാൻ ശ്രമിച്ചശേഷം സജീവ് രക്ഷപ്പെട്ടു. ശേഷം എറണാകുളത്ത് എത്തിയ പ്രതി, തന്റെ ജീപ്പിന്റെ ബമ്പർ ശരിയാക്കാൻ മൂവാറ്റുപുഴയിലെ ഒരു വർക്ക് ഷോപ്പിൽ ഏൽപ്പിച്ചു. പിന്നാലെ സജീവ് തെങ്കാശിയിലേക്ക് കടന്നുകളഞ്ഞു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജീപ്പ് കഴിഞ്ഞ ദിവസം പത്തനാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെയാണ് തെങ്കാശിയിൽനിന്നു സജീവ് മറ്റൊരാളുടെ ഫോൺ ഉപയോഗിച്ച് മൂവാറ്റുപുഴയിലെ വർക്ക്ഷോപ്പ് ജീവനക്കാരനെ വിളിക്കുന്നത്. ഇതനുസരിച്ച് തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് ചെന്നെത്തിയത് തെങ്കാശിയിലെ ഒരു മാന്തോപ്പിൽ ആയിരുന്നു. ഇവിടുത്തെ കാവൽക്കാരനുമായി സജീവിന് മുൻ പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് സജീവ് ഇവിടെ എത്തുന്നതും.

മാന്തോപ്പിനുള്ളിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥരെ സ്വീകരിച്ചത് നൂറോളം നായ്ക്കളാണ്. എന്ത് ചെയ്യുമെന്നറിയാതെ പകച്ചു പോയ പൊലീസ് സംഘം, രണ്ടും കല്പിച്ച് മുന്നോട്ട് പോയി. കാവൽക്കാരൻ പറഞ്ഞതനുസരിച്ച് കാവൽപ്പുരക്ക് അടുത്തെത്തിയ പൊലീസ്, സജീവൻ കിടന്നുറങ്ങിയ മുറിയുടെ വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറി. ആദ്യം മൽപ്പിടുത്തത്തിന് ശ്രമിച്ചെങ്കിലും പൊലീസ് സജീവിനെ കീഴടക്കുകയായിരുന്നു.