പഞ്ചായത്തിൽ നിന്ന് ലൈസൻസ് വേണ്ട, രജിസ്ട്രേഷൻ മതി; വ്യവസായ സംരംഭങ്ങൾക്ക് വലിയ ഇളവുമായി സർക്കാർ
തിരുവനന്തപുരം: വ്യവസായ മേഖലയിലെ സംരംഭങ്ങൾക്ക് വലിയ ഇളവുകൾ വരുത്താൻ ആലോചനയുമായി സർക്കാർ. സംരംഭങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് ലൈസൻസ് വേണ്ട. പകരം രജിസ്ട്രേഷൻ മാത്രം മതിയാകും. കാറ്റഗറി ഒന്നിൽ വരുന്ന സംരംഭങ്ങൾക്കാണ് ഇളവുകൾ നൽകാനുള്ള ആലോചന.
നടക്കാനിരിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഇത്തരമൊരു തീരുമാനം. ചട്ടഭേദഗതി ബ്രൂവറിക്ക് വേണ്ടിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ എലപ്പുള്ളിയിലെ മദ്യ നിർമ്മാണശാല, കാറ്റഗറി ഒന്നിലാണോ എന്ന് തനിക്കറിയില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.
അതേസമയം, എൽഡിഎഫ് അംഗീകാരം നൽകിയതോടെ ബ്രൂവറിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. ആവശ്യമെങ്കിൽ നിയമനടപടിയെന്ന നിലപാടിലാണ് എലപ്പുള്ളി പഞ്ചായത്ത്. എന്നാൽ, ബ്രൂവറിയിലെ സംവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി എംബി രാജേഷ് രംഗത്തെത്തിയിരുന്നു. സംവാദത്തിൽ നിന്ന് ഒഴിയാനുള്ള കാരണം കണ്ടുപിടിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും. എനിക്ക് പകരം മറ്റൊരാൾ വരുമെന്ന് പറയുന്നത് ശരിയാണോ എന്നും രാജേഷ് ചോദിച്ചു. ഇവിടെ തൊഴിലും വരുമാനവും ഉണ്ടാകരുതെന്നാണ് പ്രതിപക്ഷ നിലപാടെന്നും മന്ത്രി പറഞ്ഞു.