തിരക്കേറിയ ഷെഡ്യൂൾ; ഫൈനലിസിമ അനിശ്ചിതത്വത്തിൽ, അടുത്ത വർഷമുണ്ടായേക്കില്ല

Finalissima

മാഡ്രിഡ്: യൂറോ-കോപ്പക്ക് ശേഷം ഫുട്‌ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഫൈനലിസിമ. കോപ അമേരിക്ക ജേതാക്കളായ അർജന്റീനയും യൂറോ കിരീടംചൂടിയ സ്‌പെയിനും നേർക്കുനേർ വരുമ്പോൾ പുൽമൈതാനത്തിന് തീപിടിക്കുമെന്നുറപ്പ്. ലയണൽ മെസിയും യങ് സെൻസേഷൻ ലമീൻ യമാലും ഏറ്റുമുട്ടുന്നതിനാൽ ഇതിനകം തന്നെ ഫൈനലിസിമ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. എന്നാൽ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.Finalissima

അർജന്റീന-സ്‌പെയിൻ ടീമുകളുടെ തിരക്കേറിയ മത്സര ഷെഡ്യൂൾ കാരണം ഫൈനലിസിമ അടുത്ത വർഷം നടന്നേക്കില്ലെന്നാണ് റിപ്പോർട്ട്. ലോകകപ്പ് യോഗ്യത, യുവേഫ നാഷൺസ് ലീഗ് മത്സരക്രമം നിലനിൽക്കുന്നതിനാൽ ഇരു ടീമുകൾക്കും സൗകര്യപ്രദമായൊരു സമയം 2025ൽ ലഭിക്കില്ലെന്നാണ് വിവരം. ക്ലബ് ഫുട്‌ബോളിന് ശേഷം ലഭിക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള മത്സരങ്ങൾ നടക്കേണ്ടതുണ്ട്. അടുത്ത സെപ്തംബർ വരെയുള്ള എല്ലാ ഇന്റർനാഷണൽ ഇടവേളകളിലും അർജന്റീനക്ക് ലോകകപ്പ് യോഗ്യത മത്സരം കളിക്കാനുണ്ട്. സ്‌പെയിനാകട്ടെ യുവേഫ നാഷണൽ ലീഗ്-ലോകകപ്പ് യോഗ്യതാ മാച്ചുകളുമായി തിരക്കേറിയ ഷെഡ്യൂളാണ്.

ഫൈനലിസിമ അടുത്ത വർഷം ജൂണിൽ നടക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ മത്സരം ഷെഡ്യൂൾ ചെയ്യാൻ യുവേഫക്കും കോൺമെബോളിനും ഇതുവരെയായില്ല. ഇതോടെയാണ് ചാമ്പ്യൻഷിപ്പ് അനിശ്ചിതത്വത്തിലാണെന്ന റിപ്പോർട്ടുകൾ ശക്തമായത്. ഫൈനലിസിമ എന്നുണ്ടാകുമെന്ന ചോദ്യത്തിന് അർജന്റൈൻ നായകൻ ലയണൽ മെസിക്ക് പോലും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. യുവേഫയും കോൺമെബോളും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പാണ് ഫൈനലിസിമ. അർജന്റീനയാണ് നിലവിലെ ചാമ്പ്യൻമാർ. 1985 ലാണ് ഫൈനലിസിമക്ക് തുടക്കമായത്. എന്നാൽ 1993ൽ നിർത്തലാക്കുകയായിരുന്നു. എന്നാൽ 2022ൽ വീണ്ടും പുനരാരംഭിച്ചപ്പോൾ ഇറ്റലിയെ തകർത്ത് അർജന്റീന ജേതാക്കളാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *