കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്; മഹാരാഷ്ട്രയിൽ ഒറ്റഘട്ടവും ജാർഖണ്ഡിൽ രണ്ടു ഘട്ടവും
ന്യൂഡൽഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് ശനിയാഴ്ചയാണ്. ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 28 നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഒക്ടോബർ 30 ആണ്.
ജാർഖണ്ഡിൽ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 13നും രണ്ടാംഘട്ടം നവംബർ 20നും നടക്കും. വോട്ടെണ്ണൽ നവംബർ 23 നാണ്. ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രികകൾ ഒക്ടോബർ 25 വരെ സമർപ്പിക്കാം. 28ന് സൂക്ഷ്മ പരിശോധന നടക്കും. 30 വരെ പത്രിക പിൻവലിക്കാം.
രണ്ടാം ഘട്ടത്തിൽ ഒക്ടോബർ 29 വരെ പത്രിക സമർപ്പിക്കാം. 30ന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ ഒന്നുവരെ പത്രിക പിൻവലിക്കാം.
മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് നവംബർ 20ന് നടക്കും. 23 നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈമാസം 22ന് പുറത്തിറക്കും. ഈ മാസം 29വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 30 ന് നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നവംബർ നാല് വരെ പത്രിക പിൻവലിക്കാവുന്നതാണ്. 288 മണ്ഡലങ്ങളിലേക്കാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്.