കേരള പ്രീമിയർ ലീഗ്; ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി

കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി. സീസൺ ഫുട്ബാളിന് അപ്പുറം, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രഫഷനൽ ഫുട്‌ബാൾ മേഖലയിൽ ചുവടുറപ്പിക്കാനുള്ള കാലിക്കറ്റ് എഫ്.സിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. ടൂർണമെന്റിൽ ഇടംപിടിക്കുന്ന ആദ്യ സൂപ്പർ ലീഗ് കേരള ക്ലബാണ് കാലിക്കറ്റ് എഫ്.സി.

യുവതാരങ്ങൾക്ക് മികച്ച പ്രഫഷനൽ ഫുട്‌ബാൾ കളിക്കാനും മനസിലാക്കാനുമുള്ള സാഹചര്യം ഇതിലൂടെ ലഭിക്കുമെന്ന് ക്ലബ് ഉടമയും ഐ.ബി.എസ് സോഫ്റ്റ് വെയറിന്റെ സ്ഥാപകനുമായ വി.കെ. മാത്യൂസ് പറഞ്ഞു. യുവതാരങ്ങളെ തിരിച്ചറിയാനും അവരെ മികച്ച രീതിയിൽ പാകപ്പെടുത്താനും കെ.പി.എൽ അനുയോജ്യമായ ഇടമാണ്. ഈ നീക്കം വരും വർഷങ്ങളിൽ കൂടുതൽ സൂപ്പർ ലീഗ് ക്ലബുകളെ കെ.പി.എല്ലിലേക്ക് ആകർഷിക്കുമെന്നും കേരളത്തിലെ ലീഗ് ഫുട്‌ബാളിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യ പരിശീലകൻ ബിബി തോമസിന്റെ മേൽനോട്ടത്തിലും മാർഗനിർദേശത്തിലുമായിരിക്കും കെ.പി.എൽ ടീമിനായുള്ള പരിശീലന പരിപാടികൾ. ടീമിന്റെ തയാറെടുപ്പുകൾക്ക് സഹപരിശീലകൻ പി.എ. ഹുസൈൻ നേരിട്ട് നേതൃത്വം നൽകും. കേരള പൊലീസ്, കെ.എസ്.ഇ.ബി, ഗോകുലം കേരള എഫ്.സി തുടങ്ങി 14 പ്രമുഖ ടീമുകൾ അണിനിരക്കുന്ന കേരള പ്രീമിയർ ലീഗ് മാർച്ച് ആദ്യവാരമാണ് ആരംഭിക്കുന്നത്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയമാണ് വടക്കൻ മേഖലയിലെ കെ.പി.എൽ മത്സരങ്ങൾക്ക് ആതിഥ്യമരുളുന്നത്.