കാനഡ, മെക്‌സിക്കോ, ചൈന… ഇനി യൂറോപ്യൻ യൂണിയൻ; ട്രംപിൻ്റെ താരിഫ് ഭീഷണി; വിറച്ച് ഓഹരി വിപണി

Canada, Mexico, China… and now the European Union; Trump's Tariff Threat; Shaky stock market

കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഉയർന്ന തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അടുത്ത ലക്ഷ്യം യൂറോപ്യൻ യൂണിയൻ. ബ്രിട്ടനും പരിധികൾ ലംഘിച്ചെന്ന് പറഞ്ഞ ട്രംപ് പക്ഷെ ഒത്തുതീർപ്പ് സാധ്യത മുന്നിലുണ്ടെന്നും വ്യക്തമാക്കി.

ബിബിസിക്ക് നൽകിയ പ്രതികരണത്തിലാണ് യൂറോപ്യൻ യൂണിയന് മേലെ അധിക തീരുവ ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞത്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. വർഷങ്ങളായി യൂറോപ്യൻ യൂണിയൻ അമേരിക്കയെ ചൂഷണം ചെയ്യുകയാണ് ഇത് ഇനിയും അനുവദിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.

ഉയർന്ന നികുതി ചുമത്തി വിദേശ ഉൽപ്പന്നങ്ങൾ ആഭ്യന്തര ഉൽപ്പാദനത്തിന് മേലുയർത്തുന്ന വെല്ലുവിളി കുറയ്ക്കാനും അതുവഴി വ്യാപാര വാണിജ്യ രംഗത്ത് ആഭ്യന്തര ഉൽപ്പാദകർക്ക് കരുത്തേകുകയുമാണ് അമേരിക്കയുടെ ലക്ഷ്യം. ഇത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും അമേരിക്ക കണക്കുകൂട്ടുന്നു. അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ട്രംപ് കൊണ്ടുവന്ന ഭരണപരിഷ്കാരങ്ങളിൽ ലോകമാകെയുള്ള രാജ്യങ്ങൾ ആശങ്കയോടെ നോക്കുന്നതാണ് ഈ താരിഫ് വർധന. അമേരിക്കയ്ക്ക് അതേ ഭാഷയിൽ മറുപടി നൽകി ചൈനയടക്കം രാജ്യങ്ങൾ നയം വ്യക്തമാക്കിയിട്ടുണ്ട്.

മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതിയാണ് ട്രംപ് ചുമത്തിയത്. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേലെ 10 ശതമാനം നികുതിയും കൂട്ടിച്ചേർത്തു. അമേരിക്കയ്ക്ക് അതേ ഭാഷയിൽ മറുപടി നൽകി ചൈന തങ്ങളുടെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് എത്തുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ടാണ് കടുത്ത നിലപാടിലേക്ക് ട്രംപ് കടക്കുന്നത്. 2023 ൽ ഇറക്കുമതി ചെയ്തതിലധികം വാഹനങ്ങളാണ് യൂറോപ്യൻ യൂണിയനിലെ 20 ഓളം രാജ്യങ്ങളിൽ നിന്ന് ഇപ്പോഴുള്ളതെന്നാണ് യൂറോസ്റ്റാറ്റ് കണക്ക്. ഇതിൽ മുന്നിൽ ജർമ്മനിയാണ്.

ലോകത്ത് ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. മൂന്ന് ലക്ഷം കോടി ഡോളറിൻ്റെ ഉൽപ്പന്നങ്ങളാണ് യുഎസ് 2023 ൽ ഇറക്കുമതി ചെയ്തത്. ട്രംപിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ യൂറോപ്പിലെ പ്രധാന ഓഹരി സൂചികകളെല്ലാം വലിയ ഇടിവ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *