ബിജെപിയെ പിന്തുണച്ച ജോസഫ് പാംപ്ലാനിയുടെ നിലപാട് സഭയുടേതല്ലെന്ന് ക്രൈസ്തവ മേലധ്യക്ഷന്മാർ
തൃശൂർ: കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയെങ്കിലും ബിജെപിയോടുള്ള അമർഷം സഭക്കുള്ളിൽ പുകയുന്നു. ബിജെപി സർക്കാർ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾ എട്ടു ദിവസം ജയിലിൽ കിടക്കേണ്ടി വന്നത് പ്രോസിക്യൂഷൻ നിലപാട് മൂലമാണെന്ന വസ്തുത മറക്കാൻ കഴിയില്ല എന്നാണ് ക്രൈസ്തവ പുരോഹിതർ പറയുന്നത്. ജാമ്യം ലഭിച്ചെങ്കിലും ഗുരുതര വകുപ്പുകൾ ചുമത്തിയുള്ള കേസ് അവസാനിപ്പിക്കാത്തതിലും കർശന ഉപാധികൾ വെച്ച് മാത്രം ജാമ്യം ലഭിച്ചതിലും സഭക്ക് കടുത്ത പ്രതിഷേധമുണ്ട്. ബിജെപിയെ പിന്തുണച്ച ജോസഫ് പാംപ്ലാനിയുടെ നിലപാട് സഭയുടെ നിലപാടല്ല എന്നും ക്രൈസ്തവ മേലധ്യക്ഷന്മാർ വിശദീകരിക്കുന്നുണ്ട്.
കന്യാസ്ത്രീ വിഷയത്തിൽ ബിഷപ്പ് ജോസഫ് പാംപ്ലാനിയെ തള്ളി ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ. സഭയുടെ നിലപാട് പറയേണ്ടത് സഭാധ്യക്ഷന്മാരാണ്. വ്യക്തിപരമായ അഭിപ്രായങ്ങൾ സഭയുടെ അഭിപ്രായം അല്ല. കന്യാസ്ത്രീകൾക്കെതിരായ കുറ്റപത്രം റദ്ദാക്കി കേസ് പിൻവലിക്കണം. ബജരംഗ്ദൾ ഉൾപ്പെടെയുള്ള മത തീവ്രവാദ സംഘടനകളുടെ പേരിലും ട്രെയിൻ TTEയുടെ പേരിലും കേസെടുക്കണമെന്നും പോളി കണ്ണൂക്കാടൻപറഞ്ഞു.
തൃശൂർ ഇരിങ്ങാലക്കുട അതിരൂപതക്ക് കീഴിൽ വായിച്ച ഇടയലേഖനത്തിലാണ് ബിജെപി സർക്കാരിനെ വിമർശിച്ച പ്രസ്താവനകളുള്ളത്. പ്രതിഷേധം തുടരുമെന്നും ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണെന്നും ഇടയലേഖനം പറയുന്നു. ‘പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉണ്ടായിട്ടും കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്‌ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത് നിരാശാജനകം.
രാജ്യത്തെ നിയമങ്ങൾക്കും മത സ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവിൽ വയ്ക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതും എതിർക്കപ്പെടണം. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും’ – ഇടയ ലേഖനത്തിൽ പരാമർശമുണ്ട്.