സി.എം. രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരായി; ലൈഫ് മിഷൻ അഴിമതിക്കേസിലാണ് ചോദ്യം ചെയ്യൽ
തിരുവനന്തപുരം: ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു ഇ.ഡി നിർദേശം. എന്നാൽ, രാവിലെ 9.20 ഓടെ തന്നെ രവീന്ദ്രൻ ഓഫിസിലെത്തി.
നിയമസഭ നടക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്ന് അറിയിച്ച് കഴിഞ്ഞയാഴ്ച രവീന്ദ്രൻ ഇ.ഡി നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചത്.
ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സി.എം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ് ആപ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.
കേസിലെ പ്രധാന പ്രതിയായ ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് രവീന്ദ്രനുള്ളത്. അതുകൊണ്ടുതന്നെ നിർണായക വിവരങ്ങൾ രവീന്ദ്രനിൽ നിന്നും ലഭിക്കുമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. നേരത്തെ, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ഇ.ഡി രവീന്ദ്രന്റെ മൊഴിയെടുത്തിരുന്നു.
ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ.ഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിന്റെ ലോക്കറിൽ നിന്നും പണം കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്.