കൂട്ടിയിടിച്ച ലോറിക്കും ബൈക്കിനും തീപിടിച്ചു; യുവാവ് വെന്തുമരിച്ചു
മലപ്പുറം: കൂട്ടിയിടിച്ച ലോറിക്കും ബൈക്കിനും തീപിടിച്ച് ബൈക്ക് യാത്രികൻ വെന്തുമരിച്ചു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് (25) ആണ് മരിച്ചത്. താനൂർ സ്കൂൾപടിയിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറി സമീപത്തെ വൈദ്യുതി തൂണിലിടിച്ചതോടെയാണ് തീപടർന്നത്.
ലോറിക്കടിയിൽ അകപ്പെട്ട നവാസിന്റെ ശരീരത്തിലും തീപടർന്നു. താനൂരിൽനിന്നെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് ലോറിയുടെ ഡീസൽ ടാങ്കിലേക്ക് പടരും മുമ്പ് തീയണച്ചെങ്കിലും മാരക പൊള്ളലേറ്റ നവാസ് മരിച്ചിരുന്നു. ബൈക്ക് പൂർണമായും ലോറി ഭാഗികമായും കത്തിയിട്ടുണ്ട്. നവാസിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.