എൽ ക്ലാസിക്കോയ്ക്ക് മുന്നേ മൊറീഞ്ഞോയുടെ 'മൈൻഡ് ഗെയിം'; ഞങ്ങളെ ബാഴ്സയുമായി താരതമ്യം ചെയ്യുന്നത് അന്യായം

ബാഴ്സലോണ: നിലവിലെ ബാർസലോണയുമായി റയൽ മാഡ്രിഡിനെ താരത്യമം ചെയ്യുന്നത് അനീതിയാണെന്ന് പരിശീലകൻ ഹോസെ മൗറീന്യോ. 2024ൽ ബാഴ്സയിലെത്തിയ ഹാൻസി ഫ്ലിക്കിനെ അപേക്ഷിച്ച് താനും റയൽ താരങ്ങളും ഒരുമിച്ചായിട്ട് മൂന്ന് മാസത്തിന് അടുത്തായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബാഴ്സ തങ്ങളെ തോൽപ്പിക്കുമെന്ന് തുടക്കം മുതലേ കരുതിയവർ ഒരു മത്സരം കൊണ്ട് മാത്രം തങ്ങളെ പിന്തുണമെന്ന് കരുതുന്നില്ലെന്നും മൗറീന്യോ വ്യക്തമാക്കി.
“ഒരാഴ്ച മുമ്പ് ബാഴ്സലോണ ഞങ്ങളെ തകർത്തുതരിപ്പണമാക്കുമെന്ന് കരുതിയ ആളുകൾ ഇപ്പോഴും അതുതന്നെയായിരിക്കും ചിന്തിക്കുന്നത്. പി.എസ്.ജിക്കെതിരായ മത്സരമോ അല്ലെങ്കിൽ ആർ.ബി ലീപ്സിഗിനെതിരെ ഞങ്ങളുടെ 4-1 വിജയമോ കണ്ടതുകൊണ്ട് മാത്രം അവരുടെ ചിന്താഗതി മാറുമെന്ന് കരുതുന്നില്ല. ആളുകൾ ഞങ്ങളെ ഒരു പൂർത്തിയായ ടീമായിട്ടാണ് കാണുന്നത്. എന്നാൽ ഫുട്ബോളിൽ പൂർത്തിയായ ടീമുകൾ അപൂർവമാണ്.
ഇതൊരു പുതിയ പ്രോജക്റ്റിന്റെ തുടക്കമാണ്. ഞങ്ങൾ പരിശീലകൻ കാര്യങ്ങൾ പഠിക്കുകയും വിശകലനം ചെയ്യുകയും പടിപടിയായി വഴികൾ രൂപപ്പെടുത്തുകയും ചെയ്യുന്ന പ്രാരംഭ ഘട്ടമാണിത്. ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. അതിൽ തന്നെ ലോകകപ്പിൽ നിന്ന് താരങ്ങൾ മടങ്ങിയെത്തിയ പ്രീ-സീസണും, സമീപകാലത്തെ അന്താരാഷ്ട്ര ഇടവേളയും കൂടി ഒഴിച്ചാൽ ഒരുമിച്ച് ഒന്നര മാസം മാത്രമേയുള്ളൂ. അതിനാൽ തന്നെ രണ്ടോ മൂന്നോ വർഷമായി ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു ടീമുമായി ഞങ്ങളെ താരതമ്യം ചെയ്യുന്നത് ന്യായമല്ല,” മൗറീന്യോ പറഞ്ഞു.
എന്നാൽ, എൽ ക്ലാസിക്കോയുടെ കാര്യത്തിൽ ഫോം പ്രശ്നമല്ലെന്നും മത്സരങ്ങൾ തങ്ങൾ വിജയിക്കുമെന്നും മൗറീഞ്ഞോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഞങ്ങൾ നല്ല രീതിയിലാണ്. മത്സരങ്ങൾ ജയിക്കുകയും നന്നായി കളിച്ച് ഗോളുകൾ നേടുന്നുണ്ട്, പക്ഷേ ക്ലാസിക്കോയിൽ മുമ്പേ ഫോം പ്രശ്നമല്ല. അതിന് ഒരു സ്വാധീനവുമില്ല. ക്ലാസിക്കോ സവിശേഷമാണ്. ഇത് ഒരു മികച്ച മത്സരമായിരിക്കും. ഞങ്ങൾ ജയിക്കുകയും ചെയ്യും. ബാഴ്സയുടെ ലാമിൻ യമാൽ മികച്ച കളിക്കാരനാണെന്നും ബഹുമാനം അർഹിക്കുന്നുണ്ടെങ്കിലും ആർക്ക് വേണ്ടിയും തന്റെ പ്ലാൻ മാറ്റില്ലെന്നും മൗറീന്യോ കൂട്ടിച്ചേർത്തു.
ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഒക്ടോബർ 26ന് പുലർച്ച 1.30നാണ് നടക്കുന്നത്. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൂകാംപാണ് വേദി. ഹൊസെ മൗറീന്യോ- ഹാൻസി ഫ്ലിക്ക് എന്നീ പരിശീലകരുടെയും ആദ്യ എൽ ക്ലാസിക്കോയാണ്.
