പൊതുവേദിയിൽ അശ്ലീലവാക്കുകൾ ഉപയോഗിച്ചെന്ന് പരാതി; യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കേസ്

മലപ്പുറം: വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘പെപെ സ്ട്രീറ്റ് ഫാഷൻ’ കടയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 

വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുർശിദുൽ ഹഖുമാണ് പരാതി നൽകിയത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തിൽ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

 

വളാഞ്ചേരിയിലെ കട ഉദ്ഘാടത്തിൽ തൊപ്പിയെ കാണാൻ സ്‌കൂൾ വിദ്യാർഥികൾ അടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയിലെ ആൾക്കൂട്ടവും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *