‘മൊഴി നൽകിയ സ്ത്രീകളുടെ സ്വകാര്യതയിൽ ആശങ്ക’; മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന് ഡബ്ല്യുസിസി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്‌ഐടി) വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽകണ്ടാണ് ആവശ്യമുയർത്തിയത്. സിനിമയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു മൊഴി നൽകിയ സ്ത്രീകളുടെ സ്വകാര്യതയിൽ ആശങ്ക അറിയിച്ചു. തൊഴിലിടത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള ആഭ്യന്തര സമിതി രൂപീകരിക്കുന്നതിൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ഡബ്ല്യുസിസി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.WCC
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയാണ് ഡബ്ല്യുസിസി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. നടിമാരായ രേവതി, റിമ കല്ലിങ്കൽ എന്നിവർക്കു പുറമെ ബീന പോൾ, ദീദി ദാമോദരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഡബ്ല്യുസിസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ്
ഡബ്ല്യുസിസി ഇന്നലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കണ്ട് താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട സാഹചര്യത്തിൽ രൂപം കൊണ്ട എസ്‌ഐടിയുടെ ടേംസ് ഓഫ് റഫറൻസ് ലഭ്യമാക്കണമെന്നും, മൊഴികൊടുത്ത സ്ത്രീകളുടെ സ്വകാര്യതയും മൊഴിയുടെ രഹസ്യാത്മകതയും സൂക്ഷിക്കേണ്ട ആവശ്യകത ഏറെ പ്രധാനമാണെന്നതിനാൽ ഇതിലുള്ള ഞങ്ങളുടെ വളരെ ആഴത്തിലുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഹേമ കമ്മറ്റിയിൽ മൊഴി നൽകിയ സ്ത്രീകളുടെ പിന്തുണക്കായി ലീഗൽ എയ്ഡും കൗൺസലിങ്ങും ഏർപ്പെടുത്താനുള്ള സാധ്യത ഞങ്ങൾ ആരായുകയുണ്ടായി.
തൊഴിലിടത്തെ ലൈംഗിക പീഡനനിരോധന(പോഷ്) നിയമപ്രകാരമുള്ള ഇന്റേണൽ കമ്മിറ്റി നടപ്പിലാക്കൽ പ്രായോഗികമായും ഗുണപരമായും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾ തുടർന്ന് സംസാരിച്ചു. മറ്റ് തൊഴിലിടങ്ങളിലേതിന് സമാനമായി സിനിമയിലെ ഐസി ബന്ധപ്പെട്ട വിഷയങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പിനെ കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യതയെകുറിച്ചും ഐസി മോണിറ്ററിങ് കമ്മിറ്റിയെ സർക്കാറിന്റെ ഗൗരവശ്രദ്ധ ലഭിക്കും വിധത്തിൽ പുനർക്രമീകരിക്കുന്നതിന്റെ ആവശ്യകതയും, ഐസിയെ കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ ചൂണ്ടിക്കാണിച്ചു.
ഹേമ കമ്മിറ്റി നിർദേശങ്ങൾ സിനിമാ നയത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ സംസാരിച്ചു. 2021ൽ സാംസ്‌കാരിക വകുപ്പിന്റെ നിർദേശ പ്രകാരം സിനിമാനയത്തിൽ ഉൾപ്പെടുത്തുന്നതിന് ഡബ്ല്യുസിസി തയാറാക്കിയ നിർദേശങ്ങളുടെ പകർപ്പ് കത്തിനോടൊപ്പം നൽകിയിട്ടുണ്ട്. നയരൂപീകരണത്തിൽ സ്ത്രീകളുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും തുല്യമായ ഇടം കൊടുക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറഞ്ഞു.
സംവിധായികമാർക്ക് നൽകിവരുന്ന ഫിലിം ഫണ്ട് വർധിപ്പിക്കണമെന്നും കൃത്യമായ സ്ത്രീപക്ഷ സമീപനത്തോടെ, സ്ത്രീകളുടെ നേതൃത്വത്തിൽ, നേരത്തെ ഫണ്ട് ഉപയോഗിച്ച് സിനിമ ചെയ്ത സ്ത്രീകളുടെ അനുഭവങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ട് ഈ ഫണ്ടിന്റെ വിനിയോഗത്തിലേക്ക് പുതുക്കിയ മാർഗരേഖ ഉണ്ടാക്കുന്നതിന്റെ ആവശ്യകത ഞങ്ങൾ അറിയിച്ചു.
സിനിമാ മേഖലയിൽ കൂടുതൽ സ്ത്രീകൾക്ക് അവസരം ലഭിക്കാൻ ഫിലിം സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്ന പെൺകുട്ടികൾക്ക് ഫീസ് കൺസെഷനോ സ്‌കോളർഷിപ്പോ നൽകുന്നതിന്റെ ആവശ്യകത ഞങ്ങൾ 2017ൽ സമർപ്പിച്ച നിവേദനത്തിൽ പറഞ്ഞത് ഈ അധ്യയന വർഷം മുതൽ നടപ്പാക്കണമെന്ന് ആവർത്തിക്കുകയുണ്ടായി.
ഞങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും ഏറ്റവും അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് മുൻകൈയെടുത്ത് അടിയന്തരമായി നടപ്പാക്കണമെന്ന ഡബ്ല്യുസിസി നിർദേശങ്ങളുടെ ആദ്യ ഭാഗം (സിനിമ കോഡ് ഓഫ് കൺഡക്ട് -സിസിസി ഉൾപ്പടെ), ഇന്ത്യയിലെ അഞ്ച് സിനിമാ വ്യവസായങ്ങളെ കുറിച്ച് സഖി റിസോഴ്‌സ് സെന്ററിനൊപ്പം ഡബ്ല്യുസിസി നടത്തിയ പഠന റിപ്പോർട്ട് എന്നിവ മുഖ്യമന്ത്രിക്ക് തുടർനടപടികൾ ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ചു.