‘കരാർ രേഖകൾ ഹാജരാക്കണം’; എഐ കാമറ ഇടപാട് പരിശോധിക്കാൻ ഹൈക്കോടതി
കൊച്ചി: എ ഐ ക്യാമറ ഇടപാട് പരിശോധിക്കാൻ ഹൈക്കോടതി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അതുവരെ കരാർ കമ്പനികൾക്ക് പണം നൽകരുതെന്നും കോടതി ഉത്തരവിട്ടു. ഹരജിയുമായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും രമേശ് ചെന്നിത്തലയേയും കോടതി പ്രശംസിച്ചു.
എഐ ക്യാമറ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹരജിക്കാർ ഉന്നയിച്ച ആരോപണത്തിൽ സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. അതുവരെ കരാർ കമ്പനികൾക്ക് സർക്കാർ പണം നൽകരുതെന്നും കോടതി നിർദേശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹരജിയിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. അഴിമതി തടയുന്നതിന് എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ടെന്നും ഹരജിയുമായെത്തിയ എം.എൽ.എമാർ പ്രശംസ അർഹിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ജൂൺ മാസം മുതലാണ് പദ്ധതി നടപ്പാക്കി തുടങ്ങിയതെന്ന് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകി. പദ്ധതി വഴി ഖജനാവിന് നഷ്ടമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. സർക്കാരിൻ്റെ മറുപടി ലഭിച്ച ശേഷം മൂന്നാഴ്ചയ്ക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും . ചീഫ് ജസ്റ്റിസ് എസ് വി ബാട്ടിയുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.