ആര്‍എസ്എസിൻ്റെ ജ്ഞാനസഭയിൽ കേരളത്തിൽ നിന്നുള്ള വി സിമാർ പങ്കെടുത്തത് വിവാദത്തിൽ; വിദ്യാഭ്യാസ നയം കാവിവൽക്കരിക്കാനുള്ള ശ്രമമെന്ന് സിപിഎം
കൊച്ചി:ആര്‍എസ്എസ് പരിവർ സംഘടനയുടെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള വി സിമാർ പങ്കെടുത്തത് വിവാദമാകുന്നു. വിദ്യാഭ്യാസ നയം കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സമ്മേളനം എന്ന വിമർശനം നേരത്തെ സിപിഎം ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിരുന്നു. രണ്ടുദിവസമായി കൊച്ചിയിൽ നടന്നുവരുന്ന ജ്ഞാനസഭ വിദ്യാഭ്യാസ സമ്മേളനം ഇന്ന് അവസാനിക്കും.
ആർഎസ്എസ് സംഘപരിവാർ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ആണ് ജ്ഞാനസഭ എന്ന പേരിൽ കൊച്ചിയിൽ ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിലെ പ്രമുഖൻ ആര്‍എസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത് തന്നെയാണ്. ഈ പരിപാടിയിലാണ് ഞായറാഴ്ച വിവിധ സെഷനുകളിലായി സംസ്ഥാനത്തെ സർവകലാശാലകളിലെ നാലു വൈസ് ചാൻസലർമാർ പങ്കെടുത്തത്. അമൃത ആശുപത്രിയിലെ ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖത്തിലും പൊതുസഭയിലുമായി കേരള സർവകലാശാല വി സി മോഹൻ കുന്നുമ്മേൽ, കാലിക്കറ്റ് സർവകലാശാല വി സി Dr. പി. രവീന്ദ്രൻ, കണ്ണൂർ വി സി ഡോ. K. K. സാജു, കുഫോസ് വി സി എ ബിജുകുമാർ തുടങ്ങിയവരാണ് പങ്കെടുത്തത്. സംഭവം വിവാദമായതോടെ മോഹൻ ഭാഗവതിൻ്റെ പരിപാടിയിയിൽ താൻ പങ്കെടുത്തിരുന്നില്ല എന്ന വിശദീകരണ കുറിപ്പുമായി കുഫോസ് വി സിഎ.ബിജുകുമാർ രംഗത്തെത്തെത്തി. വിവാദത്തിൽ നിന്നും തലയൂരാനായിരുന്നു കുഫോസ് വി സിയുടെ ശ്രമം.
ജ്ഞാന സഭയുടെ ഭാഗമായി നടന്ന പൊതു സഭയിൽ അധ്യക്ഷത വഹിച്ചത് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആയിരുന്നു. താൻ അധ്യക്ഷനായ ആര്‍എസ്എസ് പരിപാടി ആയിട്ടു പോലും ഇത്തവണ ആര്‍എസ്എസിൻ്റെ ഭാരതാംബ ചിത്രം വെയ്ക്കാൻ ഗവർണറുടെ സമ്മർദമുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്ന് നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലുള്ള 200 ഓളം വിസിമാർ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ പരിപാടിക്ക് സമാപനമാകും.
അതേസമയം, കേരള സർവകലാശാല പ്രതിസന്ധി പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ സമവായ നീക്കവും പൊളിഞ്ഞു.വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത വി. സി .മോഹനൻ കുന്നുമ്മലിനെതിരെ കടുത്ത നിലപാടിലേക്ക് സിൻഡിക്കേറ്റ്കടക്കും…രജിസ്ട്രാർ കെ. എസ്. അനിൽകുമാറിന്റെ ശമ്പളം തടഞ്ഞുവെക്കാനുള്ള വി സിയുടെ ഉത്തരവും സിൻഡിക്കേറ്റ് തടയും. 60 ദിവസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം നിർബന്ധമായും വിളിച്ചു ചേർക്കണമെന്ന ചട്ടം വി സി പാലിച്ചില്ലെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്. സിൻഡിക്കേറ്റ് യോഗം ചേരണമെന്ന ആവശ്യം വി സി തള്ളിയതോടെയാണ് അംഗങ്ങൾ നിലപാട് കടുപ്പിക്കുന്നത്.