കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു

 

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു. സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ സത്യനാഥ് (62) ആണ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്താണു സംഭവം.

 

രാത്രി 10 മണിക്കാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തിൽ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

മദ്യലഹരിയിലുണ്ടായിരുന്നയാളാണ് ആക്രമിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‍മോര്‍ട്ടം നടപടികൾക്കായി കൊണ്ടുപോകും. കൊയിലാണ്ടി സി.ഐ മെൽവിൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമികാന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.

ലതികയാണ് ഭാര്യ. മക്കൾ സലിൽനാഥ്, സെലീന. സഹോദരങ്ങൾ: വിജയൻ രഘുനാഥ്. സുനിൽ.

നാളെ കൊയിലാണ്ടി ഏരിയയിൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *