ആദ്യ തിരുത്ത് പാലക്കാട്; സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ മാറ്റി

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. വി. ചെന്താമരാക്ഷനെ പുതിയ സെക്രട്ടറിയായി നിയമിച്ചു. വിശാല ജില്ല കമ്മിറ്റി യോഗത്തിലാണ് സുരേഷ് ബാബുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യമുയർന്നതും തുടർന്നുള്ള തീരുമാനം ഉണ്ടായതും. ഇതോടൊപ്പം എട്ടുപേരെ പുതിയതായി ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് ഏരിയാ സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളാക്കുകയും ചെയ്തു.

സുരേഷ് ബാബുവിന്റെ പക്വതയില്ലായ്മയും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും പാർട്ടിക്കു വലിയ തോതിൽ ദോഷം ചെയ്തുവെന്ന് യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. വിഭാഗീയതയും വിമതപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ജില്ല നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ തോൽവിക്കു കാരണമെന്നും യോഗം വിലയിരുത്തി. വിമതപ്രശ്നങ്ങളെ ജില്ലാ നേതൃത്വം താൻപോരിമയോടെ കണ്ടതാണ് കടുത്ത തിരിച്ചടിക്ക് ഇടയാക്കിയത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം നേതൃത്വം അവ ആളിക്കത്തിക്കുകയാണു ചെയ്തതെന്നും അഭിപ്രായമുയർന്നു.

പ്രശ്നപരിഹാരത്തിനായി നേതൃത്വം നടത്തിയ ഇടപെടലുകളിലെ പാളിച്ചകൾ വിവിധ ഏരിയ കമ്മിറ്റികൾ നടത്തിയ ഗ്രൂപ്പ് ചർച്ചകളിലും ശക്തമായി പ്രതിഫലിച്ചു. 2021ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ ഇത്തവണ 67,000 വോട്ടുകളുടെ കുറവാണ് ഉണ്ടായത്.

തെരഞ്ഞെടുപ്പ് തോൽവിക്ക് ഇടയാക്കിയ വിവിധ ഘടകങ്ങൾ യോഗം ചൂണ്ടിക്കാണിച്ചു. കൊഴിഞ്ഞാമ്പാറയിലെ വിമതപ്രശ്നമാണ് ചിറ്റൂരിലെ തോൽവിക്കു മുഖ്യ കാരണം. നല്ലേപ്പിള്ളിയിലും പെരുവെമ്പിലും വോട്ടുകൾ കുറഞ്ഞതും കടുത്ത തിരിച്ചടിയായി.

സംഘടനാപരമായ പ്രശ്നങ്ങളാണ് കോങ്ങാട് തോൽവിക്ക് വഴിയൊരുക്കിയത്. ബിജെപി വോട്ടുകൾ കോൺഗ്രസിനു പോയാൽ പോലും അതു മറികടക്കാവുന്ന സംഘടനാബലവും വോട്ടുബലവും സിപിഎമ്മിന് ഉണ്ടായിരുന്നിട്ടും പരാജയപ്പെടുകയായിരുന്നു.പ്രാദേശിക വിഭാഗീയതയാണ് തൃത്താലയിലെ തോൽവിക്കു പ്രധാന കാരണം.

‘ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ ജില്ലാ നേതൃത്വവും സെക്രട്ടറിയും എന്തു ചെയ്തു’ എന്ന കടുത്ത ചോദ്യവും യോഗത്തിൽ ഉയർന്നു. ഈ വിമർശനങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് സുരേഷ് ബാബുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള മാറ്റം നടപ്പായിരിക്കുന്നത്.