പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് ; പ്രത്യേക സംഘം ഉടന്‍ രൂപീകരിക്കും

Crime Branch to investigate half-price fraud case; special team to be formed soon

സംസ്ഥാനത്താകെ വ്യാപിച്ചു കിടക്കുന്ന പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി പൊലീസ് മേധാവിയുടെ ഉത്തരവ്. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും. അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക.

കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്താണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെയടക്കം ഉള്‍പ്പെടുത്തി വിപുലമായ പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ രൂപീകരിക്കും. ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം. ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളിലായി മാത്രം 37 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

 

എറണാകുളം 11, ഇടുക്കി 11, ആലപുഴ 8, കോട്ടയം 3, കണ്ണൂര്‍ 1 എന്നിങ്ങനെ 34 കേസുകളാണ് ക്രൈം ബ്രാഞ്ച് ആദ്യം അന്വേഷിക്കുക. അനന്ദു കൃഷ്ണന്‍,
കെ.എന്‍ ആനന്ദകുമാര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യുകയായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. അന്വേഷണം ആരംഭിച്ച ശേഷം ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകള്‍ കൂടി ക്രൈം സംഘത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.

അതേസമയം, ഇന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. അനന്ദു കൃഷ്ണനെതിരെ പുതിയ മൂന്ന് എഫ്.ഐ.ആറുകളാണ് കൊല്ലത്ത് രജിസ്റ്റര്‍ ചെയ്തത്. സോഷ്യോ ഇക്‌ണോമിക് ഡെവലമെന്റ് സൊസൈറ്റിയുടെ മറവില്‍ നടന്ന തട്ടിപ്പില്‍ 41 ലക്ഷം രൂപ നഷ്ടമായെന്ന് കാസര്‍ഗോഡ് വീണ്ടും പരാതി ലഭിച്ചു. കോഴിക്കോട് ജില്ലയില്‍ നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് ജനശ്രീ മിഷന്‍ വഴി നടന്ന പാതിവില തട്ടിപ്പിലാണ് പൊലീസ് കേസെടുത്തത്. ജനശ്രീ മിഷന്‍ കോട്ടൂര്‍ മണ്ഡലം ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദലി പൂനത്തിനെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍.

Leave a Reply

Your email address will not be published. Required fields are marked *