30 ദിവസം വിലക്കും 255 യൂറോ പിഴയും; ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ അച്ചടക്ക നടപടി

ലിസ്ബൺ: ദേശീയ ടീം ക്യാംപ് വിട്ടിറങ്ങിയ സംഭവത്തിൽ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ (ഏകദേശം 23,000 രൂപ) പിഴയും. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനാണ് (പിഎഫ്എഫ്) നാൽപത്തൊന്നുകാരനായ താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. റൊണാൾഡോയുടെ വൻ പ്രതിഫലവുമായി തട്ടിച്ചുനോക്കുമ്പോൾ പിഴത്തുക വളരെ തുച്ഛമാണ്.

സെപ്റ്റംബർ അവസാന വാരം നോർവേയ്ക്കെതിരെ നടന്ന മത്സരത്തിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 2–1നു പോർച്ചുഗൽ ജയിച്ച മത്സരത്തിൽ റൊണാൾഡോയ്ക്ക് അരമണിക്കൂറോളം കളി സമയം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പരിശീലകൻ ജോർജ് ജീസസ് താരത്തെ ബെഞ്ചിലിരുത്തി. മത്സരത്തിനിടെ വാംഅപ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും കളത്തിലിറക്കിയില്ല. പരിശീലകൻ തന്നെ ഗൗരവത്തോടെ കണ്ടില്ലെന്നും, സംഭവത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും റൊണാൾഡോ ആരോപിച്ചിരുന്നു.

ഇതേത്തുടർന്ന് പരിശീലകനുമായുള്ള ഭിന്നത രൂക്ഷമാവുകയും ഡെൻമാർക്കിനെതിരായ അടുത്ത മത്സരത്തിനു മുൻപായി റൊണാൾഡോ പരിശീലന ക്യാംപ് വിടുകയുമായിരുന്നു. തുടർന്ന്, താൻ ചെയ്തത് തെറ്റാണെന്നും ആരാധകരോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും താരം ദീർഘമായ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഒരു റോൾ മോഡൽ എന്ന നിലയിൽ തനിക്ക് ഇളവുകളൊന്നും ആവശ്യമില്ലെന്നും ഏതു ശിക്ഷയും നേരിടാൻ തയ്യാറാണെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു

ഒന്നര ആഴ്ച മുൻപ് സംഭവത്തിൽ ഫെഡറേഷൻ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിക്കുകയും റൊണാൾഡോയെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. താരം ക്യാംപ് വിട്ട സെപ്റ്റംബർ 30 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിലവിലെ 30 ദിവസത്തെ വിലക്ക് നടപ്പിലാക്കുന്നത്. നവംബർ 14-ന് നടക്കുന്ന പോർച്ചുഗലിന്റെ അടുത്ത രാജ്യാന്തര മത്സരത്തോടെ റൊണാൾഡോക്ക് കളത്തിലേക്ക് തിരികെയെത്താനാകും.