വേടന്റെ സംഗീത പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്; പരിപാടിക്കെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു
കാസർകോട്: കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച പരിപാടിക്കു പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതിനെ തുടർന്ന് പരിപാടി നിർത്തിവെച്ചു. അതിനിടെ, ബീച്ച് ഫെസ്റ്റ് വേദിയിൽ നിന്നും തിരികെ പോകുകയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് (19) മരിച്ചത്. ട്രെയിൻ ഇടിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.
റെയിൽവേ പാളത്തിനോട് അടുത്ത വേദിയിലാണ് ബേക്കൽ ബീച്ച് ഫെസ്റ്റ് നടക്കുന്നത്. രാത്രി എട്ട് മണിക്ക് ആരംഭിക്കുമെന്നറിയിച്ച പരിപാടി ഒന്നര മണിക്കൂറിൽ ഏറെ വൈകിയാണ് ആരംഭിച്ചത്. പരിപാടി ആരംഭിക്കുന്നതിന് മുമ്പേ ആയിരത്തോളം പേർ വേദിയിലെത്തിയിരുന്നു. ടിക്കറ്റ് എടുത്തവർക്ക് പുറമെ, ടിക്കറ്റില്ലാതെയും കാണികൾ ഫെസ്റ്റ് വേദിയിൽ എത്തിയതായാണ് റിപ്പോർട്ട്.
പരിപാടി ആരംഭിച്ചതിനു പിന്നാലെ, ആൾകൂട്ടം ഇടിച്ചുകയറിയതാണ് അപകടകാരണമായത്.
തിക്കിലും തിരക്കിലും പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനില ഗുരുതരമല്ല.
ഫെസ്റ്റ് വേദിയിൽ നിന്നും പരിക്കേറ്റവരെയും വഹിച്ച് ആംബുലൻസുകൾ പായുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
ആൾകൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതായതോടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടുകയും ചിലർ ബോധരഹിതരാകുകയും ചെയ്തു. ഇതോടെ പരിപാടി നിർത്തിവെക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. 25,000 പേർ പരിപാടിക്കെത്തിയെന്നും ഒട്ടേറെ പേർ ടിക്കറ്റില്ലാതെ പരിപാടി കാണാനെത്തിയെന്നും പൊലീസ് അറിയിച്ചു.
പരിപാടി നിർത്തിവെച്ചതായി അറിയിപ്പ് വന്നതോടെ പിരിഞ്ഞുപോയവർ റെയിൽപാളത്തിലൂടെ നടന്നപ്പോഴാണ് ട്രെയിൻ അപകടം നടന്നത്.
മാസങ്ങൾക്ക് മുമ്പ് കാസർകോട് നടന്ന ഹനാൻ ഷായുടെ പരിപാടിക്കിടെയും തിക്കിലും തിരക്കിലും ആളുകൾക്ക് പരിക്കേറ്റിരുന്നു.
