സൗദി മണൽക്കാടുകളിൽ ഇന്ത്യൻ കരുത്ത്; സഞ്ജയ് തകലെ ഒന്നാമത്

യാംബു: ലോകത്തിലെ ഏറ്റവും കഠിനമായ ഓഫ്-റോഡ് മോട്ടോർ സ്‌പോർട്‌സ് മാമാങ്കമായ ഡാക്കർ റാലിയുടെ 48-ാമത് പതിപ്പ് സൗദി അറേബ്യയിൽ തുടരുമ്പോൾ യാംബുവിൽ നടന്ന ഒന്നാംഘട്ട മത്സരത്തിൽ ഡാക്കർ ക്ലാസിക് വിഭാഗത്തിൽ ഇന്ത്യൻ താരം സഞ്ജയ് തകലെ മിന്നുന്ന പ്രകടനത്തോടെ ഒന്നാം സ്ഥാനത്തെത്തി. തുടർച്ചയായ ഏഴാംവർഷം സൗദിയിൽ നടക്കുന്ന റാലിയിൽ യാംബു ചെങ്കടൽ തീരത്തുനിന്ന് ആരംഭിച്ച് അവിടെത്തന്നെ അവസാനിച്ച ഒന്നാംഘട്ടം പ്രവചനാതീതമായ തിരിച്ചടികളും മുന്നേറ്റങ്ങളും നിറഞ്ഞതായിരുന്നു. കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ ട്രാക്കിൽ വാഹനങ്ങളുടെ ടയർ പഞ്ചറാവൽ വില്ലനായപ്പോൾ പലർക്കും തുടക്കത്തിൽ തന്നെ സമയം നഷ്ടമായി.
ഡാക്കർ ക്ലാസിക് വിഭാഗത്തിൽ ഫ്രഞ്ച് നാവിഗേറ്റർ മാക്സിം റോഡിനൊപ്പം ടൊയോട്ട ലാൻഡ് ക്രൂയിസറിലാണ് സഞ്ജയ് തകലെ മത്സരിക്കുന്നത്. എച്ച് 3 ക്ലാസിൽ 219 കിലോമീറ്റർ ദൂരം സാങ്കേതിക തടസ്സങ്ങളില്ലാതെ പൂർത്തിയാക്കിയ ഈ സഖ്യം 265 പെനാൽറ്റികളോടെയാണ് നിലവിൽ ഒന്നാംസ്ഥാനത്തുള്ളത്. ഡാക്കർ ക്ലാസിക് വിഭാഗത്തിൽ മുന്നേറാൻ കഴിഞ്ഞ ആദ്യ ഇന്ത്യക്കാരരെന്ന നിലയിൽ ഏറെ അഭിമാനമുണ്ടെന്നും ഇന്ത്യൻ ജനതയുടെ വർധിച്ച പ്രോത്സാഹനം ഈ മേഖലയിൽ കൂടുതൽ കരുത്ത് നേടാൻ പ്രചോദനമാകുമെന്നും സഞ്ജയ് തകലെ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പ്രശസ്ത മലയാളി താരം ഹരിത് നോഹ, മറ്റൊരു ഇന്ത്യൻ താരം ജതിൻ ജെയിൻ എന്നിവർ ബൈക്ക് വിഭാഗത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ചു. പ്രൊലോഗ് ജേതാവായ എഡ്ഗർ കാനെറ്റ് ഒന്നാം ഘട്ടത്തിലും തന്റെ ആധിപത്യം തുടർന്നു. കാർ വിഭാഗത്തിൽ 309 കിലോമീറ്റർ ദൈർഘ്യമുള്ള സ്പെഷ്യൽ സ്റ്റേജിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലുള്ള പോരാട്ടമാണ് നടന്നത്. എക്സ്-റൈഡിന്റെ ജി. മെവിയസ് ഒന്നാമതെത്തിയപ്പോൾ, പ്രമുഖ താരം നാസർ അൽ ആറ്റിയയുടെ ഡാസിയ രണ്ടാം സ്ഥാനത്തേക്ക് ഓടിയെത്തി.
സൗദി മോട്ടോർ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് റാലി നടക്കുന്നത്. 69 രാജ്യങ്ങളിൽനിന്ന് ആകെ 812 മത്സരാർഥികളാണ് ട്രാക്കിൽ. ഇതിൽ 39 വനിതകളുണ്ട്. 305 കിലോമീറ്റർ ടൈംഡ് സ്പെഷ്യൽ സ്റ്റേജ് ഉൾപ്പെടെ 518 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ഒന്നാം ഘട്ടം കഴിഞ്ഞ ദിവസം യാംബുവിൽ അവസാനിച്ചത്. തിങ്കളാഴ്ച യാംബുവിൽനിന്ന് അൽ ഉലയിലേക്ക് യാത്ര നീങ്ങുമ്പോൾ 400 കിലോമീറ്റർ സമയബന്ധിതമായ പ്രത്യേക സ്റ്റേജുകൾ ഉൾപ്പെടെ 504 കിലോമീറ്റർ ദൂരം പിന്നിടും. ഉൾപ്രദേശങ്ങളിലെ മണൽക്കാടുകളിലൂടെയും ദുർഘടമായ കുന്നുകളിലൂടെയും റാലി മുന്നേറുമ്പോൾ റൈഡർമാർക്ക് കഠിനമാകും മത്സരം.
