പാലക്കാട്ടും പൊട്ടിത്തെറി; ഡി.സി.സി ജനറൽ സെക്രട്ടറി രാജിവെച്ചു
പാലക്കാട്: സ്ഥാനാർഥി നിർണയത്തിന് പിന്നാലെ പാലക്കാട് കോൺഗ്രസിലും പൊട്ടിത്തെറി. നിരന്ത അവഗണനയിൽ പ്രതിഷേധിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. പ്രീത് സ്ഥാനം രാജിവെച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ മുൻ കൗൺസിലർ കൂടിയായിരുന്ന കെ.സി. പ്രീതിന് തദ്ദേശ തെരഞ്ഞെടുപ്പിലും സീറ്റ് നൽകിയിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ നെന്മാറ മണ്ഡലത്തിൽ പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മണ്ഡലം കേന്ദ്രീകരിച്ച് പ്രീത് പ്രവർത്തനവും ആരംഭിച്ചിരുന്നെങ്കിലും സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ നറുക്ക് വീണത് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനാണ്.
മുൻ എം.എൽ.എ കെ.എ. ചന്ദ്രന്റെ മകനാണ് കെ.സി. പ്രീത്. വിമതനായി മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്നും കൂടെ നിൽക്കുന്നവരുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും കെ.സി. പ്രീത് വ്യക്തമാക്കി. ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ സ്ഥാനാർഥി പട്ടികയിൽ പരിഗണിച്ചില്ലെന്നും ആക്ഷേപമുയർന്നിരുന്നു.
