സിദ്ധാര്‍ത്ഥന്റെ മരണം; ആദ്യ വിജ്ഞാപനം ഉള്‍പ്പെടെയുള്ള രേഖകള്‍ അയച്ചതില്‍ ആഭ്യന്തരവകുപ്പിന് പിഴവ്
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യ വിജ്ഞാപനം ഉള്‍പ്പെടെയുള്ള രേഖകള്‍ അയച്ചതില്‍ ആഭ്യന്തര വകുപ്പിന് സംഭവിച്ചത് അടിമുടി പിഴവ്. ആഭ്യന്തര മന്ത്രാലയത്തിന് അയക്കേണ്ട രേഖകള്‍ അയച്ചത് കൊച്ചി സിബിഐ ഓഫീസിലേക്ക്. ഇന്നത്തെ പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.
പിഴവ് കണ്ടെത്തിയതോടെ വൈകിട്ടോടെ പ്രൊഫോമ ഉള്‍പ്പെടെയുള്ള രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. അതേസമയം സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയതില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ ഇറക്കി. രേഖകള്‍ കൈമാറാന്‍ വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് നടപടി.
വിജ്ഞാപനം പുറത്തിറക്കിയിട്ടും പെര്‍ഫോമ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറിയിരുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ഇമെയില്‍ വഴി സര്‍ക്കാര്‍ പെര്‍ഫോമ റിപ്പോര്‍ട്ട് കൈമാറി. പെര്‍ഫോമ റിപ്പോര്‍ട്ട് നേരിട്ട് നല്‍കാന്‍ ഡി.വൈ.എസ്.പി ഡല്‍ഹിയിലേക്ക് പുറപ്പെടും.