കളര്‍കോട് അപകടത്തില്‍ മരണം ആറായി; ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു

Death toll in Kallarcode accident rises to six; Edathwa native Alvin, who was undergoing treatment, also dies

ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരണം ആറായി. ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെ രാവിലെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ തലച്ചോറിനും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി.

പള്ളിച്ചിറ കൊച്ചുമോന്‍ ജോര്‍ജിന്റെ മകനാണ് ആല്‍വിന്‍. 20 വയസ് മാത്രമാണ് പ്രായം. ബന്ധുക്കളുടെ താത്പര്യപ്രകാരമാണ് ആല്‍വിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയത്. ഹോസ്പിറ്റലില്‍ തുടരുന്ന ഘട്ടത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഈ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ പുരോഗതി വിലയിരുത്തിയിരുന്നു. ആരോഗ്യ മന്ത്രി നേരിട്ടെത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി മനസിലാക്കിയിരുന്നു. നില ഗുരുതരമാണെന്ന് മന്ത്രി തന്നെ അറിയിക്കുകയും ചെയ്തു. പിന്നീട് കുട്ടിക്ക് വേണ്ട പരിരക്ഷ നല്‍കാന്‍ വിദഗ്ദ സംഘത്തെ കൂടി എത്തിച്ചു. എന്നാല്‍ വീട്ടുകാരുടെ താല്‍പര്യത്തോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടമുണ്ടായ സമയത്ത് വാഹനത്തിന്റെ ഇടത് വശത്താണ് ആല്‍വിന്‍ ഇരുന്നിരുന്നത് എന്നാണ് വിവരം.

 

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 .20ന് ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്കിലാണ് അപകടമുണ്ടായത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ എംബിബിഎസ് ഒന്നാം വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ശക്തമായ മഴയായതിനാലാണ് സിനിമയ്ക്ക് പോകാനായി വിദ്യാര്‍ത്ഥികള്‍ കാര്‍ വാടകയ്‌ക്കെടുത്തത്.

കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരി ശങ്കറിനെ ഇന്ന് പ്രതി ചേര്‍ത്തിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേര്‍ യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *