‘സ്ത്രീകൾക്ക് മാസം 1,000 രൂപ ധനസഹായം’; പദ്ധതിക്ക് അംഗീകാരം നൽകി ഡൽഹി സർക്കാർ

Delhi government approves scheme to provide Rs 1,000 monthly financial assistance to women

 

ന്യൂഡൽഹി: 18 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് ഡൽഹി മന്ത്രിസഭയുടെ അംഗീകാരം. പ്രതിമാസം ആയിരം രൂപ ധനസഹായം നൽകാനാണ് സർക്കാർ അനുമതി നൽകിയതെന്ന് ആം ആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി അധികാരത്തിൽ തിരിച്ചെത്തിയാൽ സഹായം 2,100 രൂപയായി ഉയർത്തുമെന്നും കെജ്രിവാൾ പ്രഖ്യാപിച്ചു.

മഹിളാ സമ്മാൻ യോജന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ. ഡൽഹി മുഖ്യമന്ത്രി അതിഷിയും ചടങ്ങിൽ പങ്കെടുത്തു. ‘എല്ലാ സ്ത്രീകൾക്കും 1,000 രൂപ നൽകുമെന്ന് ഞാൻ മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ചില സ്ത്രീകൾ എന്റെ അടുത്ത് വന്ന് വിലക്കയറ്റം കാരണം 1,000 രൂപ മതിയാകില്ലെന്ന് പറഞ്ഞു. അതിനാൽ എല്ലാ സ്ത്രീകളുടെയും അക്കൗണ്ടിലേക്ക് 2,100 രൂപ നിക്ഷേപിക്കും. ഈ നിർദ്ദേശം മന്ത്രിസഭ പാസാക്കിയിട്ടുണ്ട്’-കെജ്രിവാൾ പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് ഡൽഹി സർക്കാർ സ്ത്രീകൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കേണ്ടെന്നാണു തീരുമാനം. എന്നാൽ മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *