‘ന്യൂസിലൻഡിന് പിച്ചിന്റെ ആനുകൂല്യം ലഭിച്ചോ’; വൻ തോൽവിക്ക് പിന്നാലെ പാകിസ്താൻ ടീമിന് ട്രോൾ
ക്രിസ്റ്റ്ചർച്ച്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ്് ഘട്ടത്തിലെ തോൽപിക്ക് പിന്നാലെ ഏകദിന-ടി20 ടീമുകളിൽ അടിമുടി മാറ്റമാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വരുത്തിയത്. മുഹമ്മദ് റിസ്വാൻ, ബാബർ അസം ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെയടക്കം മാറ്റിനിർത്തിയും പുതിയ ക്യാപ്റ്റനെ നിയമിച്ചുമാണ് പാക് ടീം രംഗത്തെത്തിയത്. എന്നാൽ പുതിയ നായകൻ സൽമാൻ ആഗക്ക് കീഴിൽ ന്യൂസിലൻഡിൽ ടി20 പരമ്പരക്കിറങ്ങിയ പാകിസ്താന് ആദ്യ മാച്ചിൽ നേരിട്ടത് വൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 91 റൺസിന് ഓൾഔട്ടാകുകയായിരുന്നു. സ്‌കോർ ബോർഡിൽ ഒരു റൺ ചേർക്കുന്നതിനിടെ പാകിസ്താന്റെ മൂന്ന് വിക്കറ്റുകളാണ് വീണത്. മധ്യനിരയിൽ ഖുഷ്ദിൽഷായുടെ(32) ചെറുത്തുനിൽപ്പാണ് ടീം ടോട്ടൽ 91ലേക്കെത്തിച്ചത്. മറുപടി ബാറ്റിങിൽ 10.1 ഓവറിൽ ഒരുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് ലക്ഷ്യം മറികടക്കുകയും ചെയ്തു.defeat
കനത്ത തോൽവിയെ തുടർന്ന് പാക് ടീമിന് നേരെ ട്രോളിന്റെ ഘോഷയാത്രയായിരുന്നു. ന്യൂസിലൻഡിന് പിച്ചിന്റെ ആനുകൂല്യം ലഭിച്ചതുകൊണ്ടാകും ജയിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയിയൽ വന്ന ഒരു പോസ്റ്റ്. 13207 കിലോ മീറ്റർ സഞ്ചരിച്ച് പോയത് ഇതിനായിരുന്നോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. പാകിസ്താൻ ഫിയർലെസ് ക്രിക്കറ്റാണ് ഇനി കളിക്കുകയെന്ന വാദത്തേയും ട്രോളി നിരവധി പേർ രംഗത്തെത്തി.
എന്നാൽ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം പ്രതികരണവുമായി ക്യാപ്റ്റൻ സൽമാൻ അലി ആഗ രംഗത്തെത്തി. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മടങ്ങിവരുമെന്ന് ആഗ വ്യക്തമാക്കി. ന്യൂസിലൻഡ് ബൗളർമാരുടെ പ്രകടനത്തേയും അദ്ദേഹം പ്രശംസിച്ചു.