മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം; ഡയസ് നോൺ നിർബന്ധമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ശമ്പളക്കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പട്ട് മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം ശക്തമാക്കിയതോടെ ഡയസ്നോൺ പ്രഖ്യാപിച്ച് നേരിടാൻ തയാറായി സർക്കാർ. അടിയന്തര ശസ്ത്രക്രിയകളടക്കം മുടങ്ങുന്ന സാഹചര്യമുണ്ടായതോടെ രോഗികളും ബന്ധുക്കളും വലഞ്ഞു. എല്ലാ മെഡിക്കൽ കോളജുകളിലെയും ഹാജർ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥന് നിർദേശം നൽകി.
പഞ്ച് ചെയ്തശേഷം ഡോക്ടർമാർ സമരത്തിന് പോകുന്നെന്ന പരാതികൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്. ഇതോടെ ഡോക്ടർമാരും സർക്കാറും തമ്മിൽ തുറന്ന പോരിന് കളമൊരുങ്ങി. സാധാരണ നടക്കേണ്ടതിന്റെ പകുതിപോലും ശസ്ത്രക്രിയകൾ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നടന്നില്ല. അടിയന്തര ശസ്ത്രക്രിയകൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന്റെ എണ്ണത്തിലും കുറവുണ്ടായി.
അതേസമയം, സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പി.ജി ഡോക്ടർമാർ വെള്ളിയാഴ്ച നടത്താനിരുന്ന ഒ.പി ബഹിഷ്കരണ സമരം പിൻവലിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. സ്റ്റൈപ്പൻഡ് വർധനവ് ഉൾപ്പെടെ വിഷയങ്ങളിൽ ധാരണയായി.
