നീറ്റ് പരീക്ഷ നിരോധിക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി, 500 രൂപക്ക് പാചകവാതകം; വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

 

ചെന്നൈ: വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടന പത്രിക മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ബുധനാഴ്ച പുറത്തിറക്കി. ഇതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയും പുറത്തിറക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ എം.പി കനിമൊഴിയും മറ്റ് പാർട്ടി നേതാക്കളും പങ്കെടുത്തു.

പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കുമെന്നും നീറ്റ് പരീക്ഷ നിരോധിക്കുമെന്നും ഡിഎംകെ വാഗ്ഗാനം ചെയ്യുന്നു. ”തെരഞ്ഞെടുപ്പിന് മുമ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതും ഞങ്ങൾ പറയുന്ന കാര്യങ്ങൾ തുടർന്നും ചെയ്യുന്നതും ഡിഎംകെയാണ്, ഇതാണ് ഞങ്ങളുടെ നേതാക്കൾ ഞങ്ങളെ പഠിപ്പിച്ചത്.കനിമൊഴി പറഞ്ഞതുപോലെ ഞങ്ങൾ സംസ്ഥാനത്തുടനീളം പോയി പലരെയും കണ്ടു മനസിലാക്കി. ഇത് ഡിഎംകെയുടെ പ്രകടനപത്രിക മാത്രമല്ല, ജനങ്ങളുടെ പ്രകടനപത്രികയുമാണ്. 2014ൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ അവർ ഇന്ത്യയെ തകർത്തു.തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഞങ്ങൾ ഇന്‍ഡ്യ സംഖ്യം രൂപീകരിച്ചു, 2024 ൽ ഞങ്ങൾ ഞങ്ങളുടെ സർക്കാർ രൂപീകരിക്കും. ഞങ്ങളുടെ പ്രകടനപത്രികയിൽ തമിഴ്‌നാടിന് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്, എല്ലാ ജില്ലകൾക്കും ഈ പ്രകടനപത്രികയിൽ ഇടം നൽകിയിട്ടുണ്ട്” സ്റ്റാലിന്‍ പറഞ്ഞു.

ഡിഎംകെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ളതാണെന്ന് കനിമൊഴി പറഞ്ഞു. ‘പ്രകടനപത്രിക സമിതിയുടെ തലവനാകാൻ എന്നെ അനുവദിച്ചതിന് ഞങ്ങളുടെ നേതാവ് എം.കെ.സ്റ്റാലിനും എല്ലാ കമ്മിറ്റി അംഗങ്ങൾക്കും നന്ദി പറയുന്നു. ഈ ദ്രാവിഡ മോഡൽ സർ‌ക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി ഒട്ടനവധി നല്ല കാര്യങ്ങളാണ് ചെയ്തത്. നമ്മുടെ ദ്രാവിഡ മാതൃക ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പ് പ്രകടനപത്രിക നമ്മെ സഹായിക്കും. തമിഴ്‌നാട്ടിൽ 39 സീറ്റുകൾ മാത്രമല്ല, രാജ്യത്തുടനീളം നല്ലൊരു ശതമാനം സീറ്റും ഇന്ത്യാ മുന്നണി നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്’ – കനിമൊഴി കൂട്ടിച്ചേര്‍ത്തു.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍

  • സിഎഎയും യുസിസിയും നടപ്പാക്കില്ല
  • തിരുക്കുറൽ ദേശീയ ഗ്രന്ഥമാക്കും
  • സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ
  • ദേശീയ പാതയിലെ ടോൾ ഗേറ്റുകൾ ഇല്ലാതാക്കും
  • പാചകവാതകം 500 രൂപയ്ക്കും പെട്രോള്‍ 75നും ഡീസല്‍ 65 രൂപക്കും ലഭ്യമാക്കും

22 സീറ്റുകളിലാണ് ഡിഎംകെ മത്സരിക്കുന്നത്. കനിമൊഴി-തൂത്തുക്കുടി, ദയാധിനിധി മാരന്‍-സെന്‍ട്രല്‍ ചെന്നൈ, കലാനിധി വീരസാമി-നോര്‍ത്ത് ചെന്നൈ, ടി.ആര്‍ ബാലു- ശ്രീപെരുംപുത്തൂര്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രധാന നേതാക്കള്‍.

 

Leave a Reply

Your email address will not be published. Required fields are marked *