‘കഴിഞ്ഞ സെമിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയുമോ’; സെമിക്ക് മുൻപെ മുന്നറിയിപ്പുമായി ഇംഗ്ലണ്ട്
ഗയാന: ട്വന്റി 20 ലോകകപ്പിൽ സെമി പോരാട്ടത്തിന് മുൻപായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് രോഹിത് ശർമയേയും സംഘത്തേയും പരോക്ഷമായി ഉന്നമിട്ട് ത്രീലയൺസ് രംഗത്തെത്തിയത്. ‘കഴിഞ്ഞ സെമിയിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കെങ്കിലും അറിയാമോ?’ എന്ന ക്യാപ്ഷനോടെയാണ് എക്‌സിൽ പോസ്റ്റിട്ടത്. ഇതിനൊപ്പം ജോഷ് ബട്ലർ വിജയാഘോഷം നടത്തുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നാളെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം. കഴിഞ്ഞ ടി20 ലോകകപ്പ് സെമിയിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇംഗ്ലണ്ടിനായിരുന്നു ജയം. അത് ഓർമിപ്പിച്ചാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രതികരിച്ചത്.England
2022 ട്വന്റി 20 ലോകകപ്പ് അവസാന നാലിലെ അങ്കത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്താണ് ബട്‌ലറും സംഘവും അന്ന് കലാശ പോരാട്ടത്തിന് യോഗ്യത നേടിയത്. പാകിസ്താനെ ഫൈനലിൽ തോൽപിച്ച് കിരീടവും സ്വന്തമാക്കി. അഡ്‌ലൈഡ് ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിങിൽ 16 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ത്രീലയൺസ് ലക്ഷ്യം മറികടന്നു. അലക്‌സ് ഹാൾസ് 86 ഉം ജോസ് ഭട്‌ലർ 80ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.
അതേസമയം, ഇത്തവണ കാര്യങ്ങൾ ഇംഗ്ലണ്ടിന് എളുപ്പമാകില്ല. ഗ്രൂപ്പ് ചാമ്പ്യൻമാരായി തോൽവിയറിയാതെയാണ് ഇന്ത്യയുടെ വരവ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ആസ്‌ത്രേലിയയോട് തോറ്റ ഇംഗ്ലണ്ട് സൂപ്പർ എയ്റ്റിൽ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായണ് യോഗ്യതനേടിയത്. മത്സരം നടക്കേണ്ട പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ മഴഭീഷണയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഴമൂലം ഉപേക്ഷിച്ചാൽ മത്സരം ഇന്ത്യക്ക് ഫൈനലിലെത്താനാകും.