ഡോക്ടർമാരുടെ സമരം പുരോഗമിക്കുന്നു; വലഞ്ഞ് നൂറുകണക്കിന് രോഗികൾ

കോഴിക്കോട്: ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ച മെഡിക്കൽ സമരം പുരോഗമിക്കുന്നു. സമരത്തെ തുടർന്ന് സംസ്ഥാനത്തുടനീളം വിവിധ ആശുപത്രികളിൽ രോഗികൾ വലഞ്ഞു.

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റുകൾ നൽകുന്നുണ്ടെങ്കിലും രോഗികളെ പരിശോധിക്കാൻ ഡോക്ടർമാരില്ല. നിരവധി രോഗികൾ ആശുപത്രിയിലെത്തി ഡോക്ടർമാരെ കാത്തിരിക്കുന്ന അവസ്ഥയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കെ.ജി.എം.സി.ടി.എ സമരം പൂർണമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒ.പിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും പൂർണമായും സ്തംഭിച്ചു. ഡോക്ടർമാർ പങ്കെടുത്ത ധർണയും പ്രതിഷേധ പ്രകടനവും മെഡിക്കൽ കോളേജിൽ നടത്തി. കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. നിർമൽ ഭാസ്‌ക്കർ ധർണ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഡോ. മായ സുധാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ഗോപകുമാർ, ഡോ. അനീൻ കുട്ടി, ഡോ. വിഷ്ണുജിത്, ഡോ. പ്രണവ്, കാവ്യ എന്നിവർ സംസാരിച്ചു.

ജീവിച്ചിരിക്കാനുള്ള സമരമാണ് ഡോക്ടർമാർ നടത്തുന്നതെന്ന് ഐ.എം.എ പ്രസിഡന്‍റ് സുൽഫി പറഞ്ഞു. കേരളത്തിൽ ആഴ്ചയിൽ ഒരു ആക്രമണം വീതം ആരോഗ്യപ്രവർത്തകർക്കുനേരെ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോട്ടയം മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റ് കൗണ്ടർ പോലും തുറന്നില്ല. ഇത് മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ആദ്യ സംഭവമായി. സാധാരണ നിലയിൽ ഡോക്ടർമാരുടെ സമരം നടന്നാൽ രോഗികൾ എത്തുകയും ഒ.പി ടിക്കറ്റ് കൗണ്ടർ തുറന്ന് ടിക്കറ്റ് കൊടുക്കുകയും ചെയ്യുമായിരുന്നു.

വെള്ളിയാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് സമരം.. അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയയും ഒഴികെ മുഴുവൻ ദൈനംദിന പ്രവർത്തനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കുകയാണ്. സമരത്തിന് സർക്കാർ-സ്വകാര്യ മേഖലയിലെ എല്ലാ സംഘടനകളുടെയും പിന്തുണയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *