ഇഡി മൊബൈലും ലാപ്ടോപ്പും പരിശോധിച്ച് വിവരങ്ങൾ എടുക്കരുത്; സാന്റിയാഗോ മാർട്ടിൻ കേസിൽ സുപ്രധാന വിധിയുമായി സുപ്രിം കോടതി

Supreme Court

 

ന്യൂ ഡൽഹി: കുറ്റാരോപിതരിൽ നിന്ന് വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് വിവരങ്ങൾ ശേഖരിക്കുന്നത് വിലക്കി സുപ്രിം കോടതി. ലാപ്ടോപ്പുകളും മൊബൈൽ ഫോണും അടക്കമുള്ള ഉപകരണങ്ങൾ പരിശോധിച്ച് ഉള്ളടക്കങ്ങൾ പരിശോധിക്കുകയോ പകർത്തുകയോ ചെയ്യരുതെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രിംകോടതി നിർദേശം നൽകി.

 

ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കേസിലാണ് സുപ്രിം കോടതി കോടതിയുടെ സുപ്രധാന ഉത്തരവ്. നവംബറിൽ സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ ഇ ഡി പരിശോധന നടത്തുകയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിലെ വിവരങ്ങൾ പകർത്തുന്നതിനെതിരെ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കോടതിയെ സമീപിച്ചത്.

 

തങ്ങളുടെ തങ്ങളുടെ ഭരണഘടനാപരവും മൗലികവുമായ അവകാശങ്ങളും, സ്വകാര്യതയും സംരക്ഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇഡി പരിശോധനക്കിടെ പിടിച്ചെടുത്ത 12 തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ പട്ടികയും ഹർജിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ, പെൻഡ്രൈവുകൾ എന്നിവയും ഉൾപ്പെടുന്നു. ന്യൂസ് ക്ലിക്ക്, ആമസോൺ ഇന്ത്യ കേസുകൾ അടക്കം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

 

പിഎംഎൽഎ (പണം വെളുപ്പിക്കൽ തടയൽ നിയമം) പ്രകാരം ഇഡി പുറപ്പെടുവിച്ച സമൻസുകളും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതാത് ഡിജിറ്റൽ ഡിവൈസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് ഉടമസ്ഥനായ വ്യക്തിയുടെ സാന്നിധ്യം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. “ഡിജിറ്റൽ ഉപകരണങ്ങളിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ വ്യക്തിപരവും വ്യക്തിയുടെ ജീവിതത്തെ ക്കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തുന്നതുമാണ്,” കോടതി നിരീക്ഷിച്ചു.

 

ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, പങ്കജ് മിത്തൽ എന്നിവരാണ് ഹർജികൾ പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *