സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്തില്ല; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

Dreams broken, no strength left;  Vinesh Phogat announces his റിട്ടയേർമെന്റ്, സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്തില്ല; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്


സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്തില്ല; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരീസ്: പാരിസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. എക്സിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് ഫോഗട്ട് കുറിച്ചു.

‘ഗുസ്തി ജയിച്ചു. ഞാൻ തോറ്റു. ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എൻ്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ കരുത്ത് എനിക്കില്ല. വിട ഗുസ്‌തി 2001-2024 . നിങ്ങളോടെല്ലാം ഞാൻ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ എക്സിൽ വിനേഷ് കുറിച്ചതിങ്ങനെയായിരുന്നു. വിനേഷിന്റെ വിരമിക്കൽ പ്രഖ്യാപനം ഞെട്ടലോടെയാണ് ലോകം കേട്ടത്. പുലർച്ചെയാണ് വിരമിക്കൽ പ്രഖ്യാപനം വിനേഷ് ട്വീറ്റ് ചെയ്തത്.

ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ ഇന്നലെ വിനേഷിനെ അയോഗ്യയാക്കിയിരുന്നു. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്നെയ്‍ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്‍റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.

അധിക ഭാരം ഇല്ലാതാക്കാനായി രാത്രിയുലടനീളം താരം സൈക്കിളിങ്ങടക്കമുള്ളവ ചെയ്തെങ്കിലും ഭാര പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഒളിമ്പിക് അസോസിയേഷന്റെ പ്രഖ്യാപനം. മുടിവെട്ടിയും രക്തം പുറത്തുകളഞ്ഞും വരെ ഭാരം കുറക്കാൻ കഠിന പ്രയത്നം തന്നെ നടത്തിയെങ്കിലും ഫലമുണ്ടായില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ച ഗോദയിൽ നേടിയ തുടർച്ചയായ മൂന്ന് ജയങ്ങളോടെയാണ് താരം ഫൈനലിലെത്തിയത്. ഒരു അന്താരാഷ്ട്ര മത്സരത്തിൽ പോലും തോൽക്കാത്ത, നാലുതവണ ലോകം ജയിച്ച, ഒളിമ്പിക്സിലെ സ്വർണത്തിളക്കവുമുള്ള ജപ്പാന്റെ യൂയി സുസാക്കിയായിരുന്നു പ്രീക്വാർട്ടറിൽ ഫോഗട്ടിന് മുന്നിലെത്തിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫോഗട്ട് നടത്തിയത് ഗോദ കണ്ട ഏറ്റവും വലിയ തിരിച്ചുവരവാണ്. അഞ്ച് സെക്കൻഡ് മാത്രം ബാക്കി നിൽക്കെ സുസാക്കിയെ മലർത്തിയടിച്ച ഫോഗട്ടിൽ ലോകം ഒരു പോരാളിയെക്കണ്ടു. തോൽവിയറിയാത്ത 82 മത്സരങ്ങൾക്ക് ശേഷം സുസാക്ക് തോറ്റെന്ന വാർത്ത ഗുസ്‍തി ലോകത്ത് വലിയ ഞെട്ടലാണുണ്ടാക്കിയത്.

സുസാക്കിയെ മറിച്ചിട്ടതോടെ ഫോഗട്ട് ശക്തയായി മാറിയിരുന്നു. ക്വാർട്ടറിൽ യുക്രൈന്റെ ഒക്സാന ലിവാച്ചിനെയും സെമിയിൽ ക്യൂബയുടെ യുസൈലിസ് ഗുസ്മാനെയും തോൽപ്പിച്ച് ചരിത്ര ഫൈനലിലേക്ക്. ഇതിനുപിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പുതിയ വാർത്ത പുറത്തുവരുന്നത്.

ബി.ജെ.പി മുൻ എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിൻ്റെ പേരിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡൽ നഷ്ടമായതെന്ന് കോൺഗ്രസ് എം.പി ബൽവന്ത് വാങ്കഡെ ആരോപിച്ചിരുന്നു. “ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമായ വാർത്തയാണ്. ഇതിന് പിന്നിൽ ചില ഗൂഢാലോചനയുണ്ട്. അവൾ ജന്തർ മന്തറിൽ സമരം നടത്തിയെന്ന് രാജ്യത്തിന് മുഴുവൻ അറിയാം. അവൾക്ക് നീതി ലഭിച്ചില്ല, ഇപ്പോൾ വിജയിച്ചാൽ അവർക്ക് അവളെ ബഹുമാനിക്കേണ്ടിവരുമായിരുന്നു. അതിഷ്ടപ്പെട്ടു കാണില്ല” ബല്‍വന്തിന്‍റെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

“വിനേഷിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇന്നലെ രംഗത്തുവന്നിരുന്നു. നിങ്ങൾ ചാമ്പ്യന്മാരിൽ ഒരു ചാമ്പ്യനാണ്! നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. നിങ്ങൾ പ്രതിരോധത്തിന്‍റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ നേരിട്ടു സ്വീകരിക്കുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്” പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

വിനേഷ് ഫോഗട്ടിന്‍റെ മെഡൽ നഷ്ടം വീഴ്ചയോ , വീഴ്ത്തിയതോയെന്ന ചർച്ച ചൂടുപിടിക്കുമ്പോൾ രാഷ്ട്രീയ തിരിച്ചടിയാകാതിരിക്കാൻ തിരക്കിട്ട നീക്കവുമായി കേന്ദ്രം. ഫോഗട്ടിനെ വലിയ പോരാളിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്യാൻ ഒളിമ്പിക്സ് അസോസിയേഷന് നിർദേശം നൽകി. പിന്നിൽ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്‍റില്‍ നിന്ന് ഇറങ്ങിപ്പോയി.

സഹതാരങ്ങളോടുള്ള ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ സിങ്ങിന്‍റെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ ദിവസങ്ങളോളം നീണ്ട പ്രതിഷേധം. കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്നുൾപ്പെടെ നേരിടേണ്ടി വന്ന അപമാനം. റോഡിലൂടെയുള്ള വലിച്ചിഴക്കൽ. സർക്കാരിന് മുന്നിൽ തോൽക്കാതെയുള്ള പോരാട്ടം. പ്രതിഷേധിക്കാൻ ഇറങ്ങിയപ്പോൾ അവരുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നതേയില്ല. വനിതാ താരങ്ങളുടെ അഭിമാനമായിരുന്നു അവരുടെ ഏകലക്ഷ്യം.

ഒടുവിൽ സ്വർണത്തിന് അടുത്തെത്തിയപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ്, വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന വാദം ശക്തമായി. ഈ വാദങ്ങളെ തള്ളാൻ സർക്കാർ ഒന്നടങ്കം ചടുലനീക്കങ്ങളാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *