കാര്യക്ഷമത കുറയാതെ ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കും
സംസ്ഥാനത്തു ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നടത്തിവന്നിരുന്ന ടെസ്റ്റ് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ 2024 മേയ് 1 മുതൽ നടപ്പിലാക്കുന്നതിന് നിശ്ചയിച്ചിരുന്നു. ഇതിനെതിരെയുള്ള സമരം ടെസ്റ്റിന് ഭംഗം വരുത്തുകയുണ്ടായി. ബന്ധപ്പെട്ട യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ യോഗത്തിൽ അവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമത ഒട്ടും തന്നെ കുറയാത്ത വിധം നൽകിയിരുന്ന നിർദ്ദേശങ്ങളിൽ ചില ഇളവുകൾ നൽകി ടെസ്റ്റ് പുനരാംഭിക്കുന്നതിനു തീരുമാനമായതായി ട്രാൻസ്പോർട്ട് കമ്മീഷണർ പത്രക്കുറിപ്പിൽ അറിയിച്ചു.
നിലവിൽ ലേണേഴ്സ് ലൈസൻസ് ലഭ്യമായതും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 (08.05.2024ലെ കണക്ക് പ്രകാരം) അപേക്ഷകരാണ് ഉള്ളത്. പത്തു ലക്ഷത്തിൽപ്പരം അപേക്ഷകൾ ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ടു പരിഹരിക്കുന്നതിന് കൂടുതൽ ഉദ്ധോഗസ്ഥരെ ഉൾപ്പെടുത്തി അധിക ടീമുകൾ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കുന്നതാണ്. അതതു റീജിയണിലെ ആർ.ടി.ഒമാർ സബ് ഓഫീസുകളിലെ ജോയിന്റ് ആർ.ടി.ഒമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തി വേണ്ട നടപടികൾ അടിയന്തിരമായി കൈക്കൊള്ളുന്നതാണ്.
രാജ്യത്തുടനീളം ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അധീനതയിലും നാഷണൽ ഇൻഫോർമാറ്റിക് സെന്റർ തയ്യാറാക്കി പരിപാലിച്ചു വരുന്നതുമായ ‘സാരഥി’ എന്ന സോഫ്റ്റ്‌വെയർ വഴിയാണ് നൽകിവരുന്നത്. സാങ്കേതിക കാരണങ്ങളാൽ 2024 മേയ് 16 മുതൽ പ്രവർത്തന ക്ഷമമല്ലാത്തതിനാൽ ലൈസൻസ് സംബന്ധമായ സേവനങ്ങൾ തടസപ്പെട്ടിട്ടുണ്ട്. ഇത് എത്രയും വേഗം പ്രവർത്തന സജ്ജമാക്കുന്നതിനു എൻ.ഐ.സി ഡൽഹിക്കു കത്ത് നൽകിയിട്ടുണ്ട്. പ്രസ്തുത സോഫ്റ്റ്‌വെയർ പ്രവർത്തന സജ്ജമാകുന്നതോടെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
പി.എൻ.എക്‌സ്.