ഗുജറാത്തിൽ തകർന്നുവീണത് അദാനി ഇന്ത്യൻ സൈന്യത്തിന് നൽകാനിരുന്ന ഡ്രോൺ; ഒന്നിന് വില 120 കോടി

Army

അഹ്മദാബാദ്: അദാനി ഗ്രൂപ്പിന്റെ പ്രതിരോധ കമ്പനിയിൽ നിർമിച്ച ഡ്രോൺ പരീക്ഷണ പറക്കലിനിടെ തകർന്നുവീണത് വലിയ വാർത്തയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ പോർബന്തറിലായിരുന്നു അപകടം. ഇന്ത്യൻ നാവികസേന വാങ്ങാനിരുന്ന ഡ്രോൺ ആണ് തകർന്നുവീണതെന്നാണു പുറത്തുവരുന്ന വിവരം. ഏArmy കദേശം 120 കോടി രൂപ വിലമതിക്കുന്നതാണ് ഇതെന്നും റിപ്പോർട്ടുണ്ട്.

ഹൈദരാബാദിലുള്ള അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് പ്ലാന്റിൽ നിർമിച്ച ‘ദൃഷ്ടി 10’ സ്റ്റാർലൈനർ ഡ്രോൺ ആണ് അപകടത്തിൽപെട്ടത്. ജനുവരി 13നായിരുന്നു പരിശോധനയുടെ ഭാഗമായി പരീക്ഷണ പറക്കൽ നടന്നത്. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പോർബന്തർ തീരത്ത് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണു വിവരം.

ഇസ്രായേൽ പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റവുമായി സഹകരിച്ചാണ് അദാനി ഗ്രൂപ്പ് ഹൈദരാബാദിൽ ഡ്രോൺ നിർമിക്കുന്നത്. എൽബിറ്റിന്റെ ‘ഹെർമസ് 900’ സ്റ്റാർലൈനറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചു തദ്ദേശീയമായി വികസിപ്പിച്ചതാണ് ‘ദൃഷ്ടി 10’. സമുദ്രനിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനുമായി(ഐഎസ്ആർ) പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഡ്രോൺ ആണിത്.

2023ലാണ് ഐഎസ്ആർ ഡ്രോണുകൾ നിർമിച്ചുനൽകാനായി അദാനി ഗ്രൂപ്പുമായി പ്രതിരോധ വകുപ്പ് കരാറുണ്ടാക്കിയത്. നാവികസേനയ്ക്കും കരസേനയ്ക്കും ഓരോന്നു വീതമായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഇതിൽ ഒരു ഡ്രോണിന് 120 കോടി രൂപയോളം വില വരുമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോൺ നിർമാണരംഗത്ത് ഒരു മുൻപരിചയവുമില്ലാത്ത അദാനി ഗ്രൂപ്പുമായി ഇത്തരമൊരു കരാറുണ്ടാക്കുന്നതിനെതിരെ പ്രതിപക്ഷത്തുനിന്ന് ഉൾപ്പെടെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ, കേന്ദ്രം നീക്കത്തിൽനിന്നു പിന്മാറിയില്ല.

കരാറിന്റെ ഭാഗമായി 2024 ജൂണിൽ അദാനി ഡിഫൻസ് വിഭാഗം സൈന്യത്തിന് ആദ്യത്തെ ‘ദൃഷ്ടി 10’ സ്റ്റാർലൈനർ നൽകുകയും ചെയ്തു. അടുത്ത ഘട്ടമായി നാവികസേനയ്ക്കു കൈമാറാനിരുന്ന രണ്ടാമത്തെ ‘ദൃഷ്ടി 10’ ആണ് അപകടത്തിൽപെട്ടത്. സൈന്യത്തിനു നൽകുംമുൻപുള്ള സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഡ്രോണിന്റെ കാര്യക്ഷമത വിലയിരുത്താൻ നടത്തിയ പരീക്ഷണപ്പറക്കലായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

‘ദൃഷ്ടി 10’ സ്റ്റാർലൈനറിന്റെ വിശ്വാസ്യതയെ കുറിച്ചുള്ള ഗൗരവതരമായ ആശങ്കകളാണു പുതിയ സംഭവം ഉയർത്തുന്നത്. എന്താണ് ഡ്രോൺ തകർന്നുവീഴാനിടയാക്കിയതെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന വിശദീകരണം മാത്രമേ നൽകിയിട്ടൂള്ളൂ. കൂടുതൽ പരിശോധനയ്ക്കുശേഷം വിശദവിവരങ്ങൾ പുറത്തുവിടുമെന്നാണു കരുതപ്പെടുന്നത്.

ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന, ഇടത്തരം ഉയരത്തിൽ പറക്കുന്ന, ദീർഘദൂര ഡ്രോൺ(മെയിൽ) ഇനത്തിൽപെട്ടതാണ് ‘ദൃഷ്ടി 10’. ഒറ്റപ്പറക്കലിൽ 36 മണിക്കൂർ വരെ സഞ്ചരിക്കാനാകുമെന്നാണു വിവരം. 450 കി.ഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഡ്രോൺ നിർമാണ ഫാക്ടറി കൂടിയാണ് ഹൈദരാബാദിലെ അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് കേന്ദ്രം. ഇവിടെ ഇസ്രായേൽ പ്രതിരോധസേന(ഐഡിഎഫ്) ഉപയോഗിക്കുന്ന ‘ഹെർമസ് 900’ സ്റ്റാർലൈനറും നിർമിക്കുന്നുണ്ട്. ഇസ്രായേലിനു പുറത്ത് ഈ സ്റ്റാർലൈനർ നിർമിക്കുന്ന ഏക പ്ലാന്റ് കൂടിയാണിത്. 2018ലാണ് ഇസ്രായേലുമായി ചേർന്ന് അദാനി ഗ്രൂപ്പ് ഹൈദരാബാദിൽ ഡ്രോൺ നിർമാണകേന്ദ്രം ആരംഭിച്ചത്. ഗസ്സ യുദ്ധത്തിൽ ഉൾപ്പെടെ അദാനി പ്ലാന്റിൽ നിർമിച്ച ഡ്രോണുകൾ ഉപയോഗിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

2023 ഒക്ടോബർ 7നുശേഷം മാത്രം 20ലേറെ ഡ്രോണുകളാണ് കമ്പനി നിർമിച്ചു നൽകിയതെന്നാണ് പ്രതിരോധ വാർത്താ പോർട്ടലായ ‘ഷെഫേഡ് മീഡിയ’ റിപ്പോർട്ട് ചെയ്തത്. ഗസ്സയിൽ ഐഡിഎഫ് കരയുദ്ധത്തിനിടെ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ‘ഹെർമസ്’ സ്റ്റാർലൈനർ ആണ്. ഇസ്രായേലിന് യുദ്ധ വിമാനങ്ങളുടെ പാർട്സുകൾ നൽകുന്നത് നിർത്തണമെന്ന് ഡച്ച് ഭരണകൂടത്തോട് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ സമയത്തായിരുന്നു അദാനി ഗ്രൂപ്പ് ഐഡിഎഫിന് ഡ്രോണുകൾ നിർമിച്ചുനൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *