തിലകിനെ ചൂടാക്കി വൈഭവ്; വാക് തർക്കം ദുലീപ് ട്രോഫി ഫൈനലിൽ

ചെന്നൈ: ദുലീപ് ട്രോഫി ഫൈനൽ പോരാട്ടം അവസാനിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് കൗമാര താരം വൈഭവ് സൂര്യവംശിയുടെ ചൂടൻ പ്രകടനം. സീനിയർ താരവും, സൗത്ത് സോൺ ക്യാപ്റ്റനുമായ തിലക് വർമയുമായാണ് 15കാരൻ വൈഭവ് മത്സരത്തിനിടെ കോർത്തത്. കളിയുടെ ഒന്നാം ദിനവും, ക്ലൈമാക്സായി നാലാം ദിനവുമായിരുന്നു താരങ്ങളുടെ വാക്തർക്കം. ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ വൈഭവിനെ തിലക് പരിഹസിച്ചതിൽനിന്നായിരുന്നു തുടക്കം. അതിനുള്ള കണക്കു തീർത്തത്, കളിയിൽ വൈഭവ് വൈസ് ക്യാപ്റ്റനായ പൂർവമേഖല നാലാം ദിനം ജയമുറപ്പിച്ചു നിൽക്കെ. വൈഭവിന്റെ പരിഹാസത്തിന് മറുപടിയായി തിലക് അമ്പയറെ ഇടപെടാൻ വിളിക്കുമ്പോൾ ‘സാർ, ഇത് ഒന്നാം ഇന്നിങ്സിൽ എനിക്കുമുണ്ടായിന്നു. എന്റെ പ്രശ്നമല്ല’ -എന്നായിരുന്നു വൈഭവിന്റെ മറുപടി.
