‘ക്യൂ നിൽക്കാതെ ആശുപത്രി അപ്പോയ്മെന്റെടുക്കാം’; 509 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം

ഒരാൾ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 509 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 283 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു. മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറൽ ആശുപത്രികൾ, 73 താലൂക്ക് ആശുപത്രികൾ, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എന്താണ് ഇ ഹെൽത്ത് സംവിധാനം?

ഒരാൾ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്നു. ഈ പദ്ധതിയിലൂടെ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്മെന്റെടുക്കാനും സാധിക്കും. ഇ ഹെൽത്ത് വഴി ഇതുവരെ 3.04 കോടി രജിസ്ട്രേഷനുകൾ നടന്നിട്ടുണ്ട്. 32.40 ലക്ഷം (10.64 ശതമാനം) പെർമെനന്റ് യുഎച്ച്ഐഡി രജിസ്ട്രേഷനും 2.72 കോടി (89.36 ശതമാനം) താത്ക്കാലിക രജിസ്ട്രേഷനും നടത്തിയിട്ടുണ്ട്. ഓൺലൈൻ വഴി ഒരു ലക്ഷത്തോളം പേർ അഡ്വാൻസ്ഡ് അപ്പോയ്മെന്റ് എടുത്തിട്ടുണ്ട് -മന്ത്രി പറഞ്ഞു.

എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.

‘ഡിജിറ്റൽ ഹെൽത്ത്’ സമയബന്ധിതമായി സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യവുമായി വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം ഒരുക്കുന്നതിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനവും യാഥാർത്ഥ്യമാക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനവും സജ്ജമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ശൈലീ ആപ്പ് രൂപീകരിച്ചു. ഇതിലൂടെ 30 വയസിന് മുകളിലുള്ള 73 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി. വിപുല ഇ സഞ്ജീവനി സേവനം ഒരുക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഇ ഓഫീസാക്കി. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഇ ഓഫീസ് നടപ്പാക്കി വരുന്നു. ആരോഗ്യ വകുപ്പിൽ പഞ്ചിംഗ് ആരംഭിച്ചതായും മന്ത്രി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

‘Hospital appointments can be made without queuing’; E-health system in 509 hospitals

Leave a Reply

Your email address will not be published. Required fields are marked *