എലത്തൂർ ട്രെയിൻ ആക്രമണം; റഹ്മത്തിന്റയും നൗഫീഖിന്റെയും മൃതദേഹം ഖബറടക്കി

കോഴിക്കോട്: ട്രെയിൻ ആക്രമണത്തിൽ മരിച്ച മട്ടന്നൂർ സ്വദേശി റഹ്മത്തിന്റേയും കോടോളിപ്രം സ്വദേശി നൗഫീഖിന്റെയും മൃതദേഹം ഖബറടക്കി. റഹ്മത്തിന്റെ മൃതദേഹം പാലോട്ട് പള്ളി ഖബർസ്ഥാനിലും നൗഫിഖിന്റെ മൃതദേഹം എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും ആണ് കബറടക്കിയത്.

നൗഫീഖിന്റെ മൃതദേഹം വയോജന വിശ്രമ കേന്ദ്രത്തിൽ പൊതുദ‍ർശനത്തിനെത്തിച്ചിരുന്നു. നിരവധി പേരാണ് നൗഫീഖിനെ അവസാനമായി കാണാൻ വിശ്രമകേന്ദ്രത്തിലെത്തിയത്. പൊതുദർശനത്തിന് ശേഷം മൃതദേഹം കോടോളിപ്പുറത്തെ വീട്ടിൽ എത്തിച്ചിരുന്നു. ഭാര്യ ബുഷ്റയും മൂന്ന് കുട്ടികളുമാണ് നൗഫീഖിനുള്ളത്.

ഇന്നലെ രാവിലെ മലപ്പുറം ആക്കോട്ട് നോമ്പുതുറ പരിപാടിക്ക് പോയതായിരുന്നു നൗഫീഖ്. നോമ്പുതുറന്നതിന് ശേഷം തിരിച്ച് വരികയായിരുന്നു. ഭാര്യാ സഹോദരനോട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കാനും ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് വീട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ രാത്രി വൈകിയും തിരിച്ചെത്താത്തതിനാൽ അന്വേഷിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് നൗഫീഖിന്റെ മരണവിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത്. ഇന്ന് ഉച്ചവരെ മക്കളെയൊന്നും മരണ വിവരം അറിയിച്ചിരുന്നില്ല. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയായിരുന്നുവെന്നതിനാൽ കുടുംബത്തെ മാത്രമല്ല, നാടിനെയാകെ നൗഫീഖിന്റെ റെ മരണം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.


അതേസമയം, രണ്ട് ബോഗികളിൽ കോഴിക്കോട് നിന്നുള്ള ഫോറൻസിക് സംഘവും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘവും പരിശോധന നടത്തുന്നു. ഡി1, ഡി2 ബോഗികളിലാണ് പരിശോധന നടത്തുന്നത്. അന്വേഷണ സംഘവും ഫോറൻസിക് സംഘത്തിനൊപ്പമുണ്ട്. റെയിൽവേ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന.

ബോഗികളിൽ നിന്നും കിട്ടുന്ന തെളിവുകൾ കേസിൽ നിർണായക രേഖയാവുമോ എന്നാണ് പരിശോധന. ഡി1 കോച്ചിലാണ് കൂടുതലും പെട്രോളിച്ച് കത്തിച്ചതിന്റെ പാടുകളുള്ളത്. ഒന്നുമുതൽ ആറുവരെ സീറ്റിലാണ് തീപടർന്നത്. അതേസമയം, ഡി2 കോച്ചിൽ രക്തക്കറയുമുണ്ട്. ഇത് അക്രമിയുടേതാണോ അതോ ആക്രമണത്തിൽ പരിക്കേറ്റവരുടേതാണോ എന്ന് ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ തിരിച്ചറിയാൻ കഴിയൂ. പരിശോധനക്കായി കോച്ചുകൾ മാറ്റിയിട്ടിരുന്നു. പരിശോധനക്ക് ശേഷം ഇന്ന് തന്നെ ഫോറൻസിക് സംഘം മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *