വൈകീട്ട് ആറു മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം കുറക്കണം; അഭ്യർഥനയുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമെന്ന് കെ.എസ്.ഇ.ബി. നിയന്ത്രണം ഒഴിവാക്കാൻ വൈകീട്ട് ആറുമുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കാൻ ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യർഥിച്ചു.
അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കണം. ഈ സീസണിൽ 48 ശതമാനം മഴയുടെ കുറവാണുള്ളത്. ഇതുമൂലം ജലവൈദ്യുതി നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇതിന് പുറമെയാണ് രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും.
ഉപഭോക്താക്കൾ സഹകരിക്കാത്തപക്ഷം നിയന്ത്രണം ഏർപ്പെടുത്തേണ്ട നിലയിലേക്ക് കെ.എസ്.ഇ.ബി പോകുമെന്ന് അധികൃതർ അറിയിച്ചു.