കുന്നിടിക്കാനും മണ്ണെടുക്കാനും പരിസ്ഥിതി അനുമതി വേണ്ട; സുപ്രീം കോടതി തള്ളിയ ഉത്തരവ് പരിഷ്കരിച്ച് ഇറക്കി കേന്ദ്ര സർക്കാർ
ഇതിനോടകം 396 പേരുടെ മരണം സ്ഥിരീകരിക്കുകയും നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത വയനാട് ദുരന്തം മുന്നിൽ അനുമതി കൂടാതെ ഭൂമി ഖനനം ചെയ്യാമെന്ന വിചിത്ര ഉത്തരവ് പുതുക്കിയിറക്കി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. 20000 ക്യൂബിക് മീറ്ററിൽ താഴെയുള്ള ഭൂപ്രദേശത്ത് പാലം, റോഡ് പോലുള്ള നിർമ്മാണ പ്രവർത്തനത്തിനായി ഖനനം ചെയ്യാൻ മുൻകൂർ പരിസ്ഥിതി അനുമതി തേടേണ്ടതില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. കൊവിഡ് കാലത്ത് ഇത്തരത്തിലുള്ള പദ്ധതികൾക്ക് ഖനനം നിർബാധം നടത്താൻ അനുമതി നൽകിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.Supreme Court
ഉത്തരവിനെതിരെ വിമർശനങ്ങളും ഉയർന്ന് തുടങ്ങി. തുടർച്ചയായി അനുമതിയില്ലാതെ ഇത്തരം മണ്ണ് ഖനനം നടക്കുന്നത് മണ്ണൊലിപ്പിലേക്ക് നയിക്കുമെന്നും കാലാവസ്ഥാ പ്രയാസങ്ങൾ നേരിടാത്ത പ്രദേശങ്ങളിൽ പോലും പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാൻ ഇടയാക്കുമെന്നുമാണ് വിമർശനം.
അണക്കെട്ടുകൾ, ജലസംഭരണികൾ, അണക്കെട്ടുകൾ, തടയണകൾ, നദികൾ, കനാലുകൾ, റോഡുകൾ,പൈപ്പ്ലൈനുകൾ, പാലങ്ങൾ എന്നിവയ്ക്ക് മുൻകൂർ അനുമതി തേടേണ്ടെന്ന വിജ്ഞാപനം 2020 മാർച്ച് 28 ന് കൊവിഡ് കാലത്താണ് പുറത്തിറക്കിയത്. അതും കൊവിഡിനെ തുടർന്ന് ലോക്‌ഡൗൺ രാജ്യമാകെ പുറപ്പെടുവിച്ച് മൂന്നാം ദിവസമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. ആദ്യം ദേശീയ ഹരിത ട്രൈബ്യൂണലിൽ ഇത് ചോദ്യം ചെയ്യപ്പെട്ടു. മൂന്ന് മാസത്തിനകം വിജ്ഞാപനം പുനഃപരിശോധിക്കാൻ ട്രൈബ്യൂണൽ നിർദ്ദേശം നൽകി.
ഇതേ തുടർന്ന് കേന്ദ്ര സർക്കാർ ഖനനത്തിന് മാർഗരേഖ പുറപ്പെടുവിച്ചു. പദ്ധതികൾക്കായി ഭൂമി കുഴിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. 2024 മാർച്ചിൽ സുപ്രീം കോടതി വിജ്ഞാപനം പാടേ തള്ളിക്കളഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമാകുമെന്നും പൊതുജന താത്പര്യം പരിഗണിക്കാതെയുള്ളതാണ് തീരുമാനമെന്നും കോടതി വിലയിരുത്തി. ഇതോടെയാണ് ഇപ്പോൾ പുതിയ നീക്കവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ മുന്നോട്ട് പോക്ക്.