ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ച അടഞ്ഞ അധ്യായമല്ല; സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും: എം.വി ഗോവിന്ദൻ

 

MV Govindan

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിഷയം അടഞ്ഞ അധ്യായമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. തിരുത്തേണ്ടവർ ആരായാലും അതെല്ലാം തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.MV Govindan

ബി.ജെ.പിയുടെ മതരാഷ്ട്രവാദത്തിന് എതിരെ ശക്തമായ ആശയപ്രചാരണം നടത്തും. വർഗീയവാദത്തെ ശാസ്ത്രീയമായി പ്രതിരോധിക്കും. കേരളത്തിലെ പ്രധാനപ്പെട്ട നവോഥാന നായകൻ ശ്രീനാരായണ ഗുരുവാണ്. മതിനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി. എന്നാൽ ബി.ഡി.ജെ.എസ് രൂപീകരണത്തോടെ കാവിവൽക്കരണ ശ്രമമാണ് നടക്കുന്നത്. ഇതിനെയാണ് പാർട്ടി എതിർക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ജാതീയമായി പിളർത്തി വർഗീയമായി യോജിപ്പിക്കുക എന്ന നയമാണ് സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി കൈകാര്യം ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടപെടുന്ന രീതി ആവിഷ്‌കരിക്കും. മുസ്‌ലിം ലീഗ് മതരാഷ്ട്ര വാദികളുമായി യോജിച്ച് പ്രവർത്തിക്കുകയാണ്. ഈ നിലപാടിനെ ശക്തമായി തുറന്നുകാണിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

എസ്.എൻ.ഡി.പിയുടെ ശക്തി അറിഞ്ഞുകൊണ്ട് തന്നെയാണ് കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന് മറുപടിയായി എം.വി ഗോവിന്ദൻ പറഞ്ഞു. എസ്.എൻ.ഡി.പിയെ അല്ല വർഗീയതയെ ആണ് എതിർക്കുന്നത്. ആര് എന്ത് പറഞ്ഞാലും ഇതിനോടുള്ള എതിർപ്പ് തുടരും. ക്ഷേത്രങ്ങൾ കൈപ്പിടിയിലൊതുക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. വിശ്വാസികളാരും വർഗീയവാദികളല്ല. വർഗീയവാദിക്ക് വിശ്വാസിയാകാനും പറ്റില്ല. ആരാധനാലയങ്ങളിൽ പോകുന്നതിന് സി.പി.എം വിലക്കേർപ്പെടുത്തിയിട്ടില്ല. പാർട്ടി മെമ്പർഷിപ്പ് ഉള്ളവരെല്ലാം മാർക്‌സിസ്റ്റ് ആണെന്ന് ധരിക്കേണ്ട. പാർട്ടി അംഗമായതുകൊണ്ട് ഒരാൾ വിശ്വാസത്തിൽ വിലക്കേർപ്പെടുത്തേണ്ടതില്ല. ആർ.എസ്.എസ് ശാഖകളുടെ പ്രവർത്തനം നിയമവിരുദ്ധമാണ്. ശാഖാ പ്രവർത്തനം എന്നാൽ ഗുണ്ടാ പ്രവർത്തനമാണെന്നും ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *