ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിഴവുകള്‍ ധനസഹായ വിതരണത്തിന് തടസ്സമാകുന്നു; കര്‍ഷകര്‍ വിവരങ്ങള്‍ അടിയന്തരമായി പുതുക്കണമെന്ന് കൃഷിവകുപ്പ്

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കുമുമ്പ് രജിസ്റ്റര്‍ ചെയ്ത അപേക്ഷകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിഴവുകള്‍ കാരണം കോടിക്കണക്കിന് രൂപയുടെ ധനസഹായം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിന് തടസ്സങ്ങള്‍ നേരിടുന്നതായി കൃഷി വകുപ്പ്. എല്ലാ കര്‍ഷകരും ബന്ധപ്പെട്ട കൃഷിഭവനുമായി അടിയന്തരമായി ബന്ധപ്പെട്ട് അപേക്ഷകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി, വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ പ്രകാരം കര്‍ഷകര്‍ക്ക് അനുവദിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്നതിനാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിഴവുകള്‍ തടസ്സമാകുന്നത്. അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി. കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവയില്‍ പിഴവുകളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി പുതുക്കിയ വിവരങ്ങള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ചെറിയ പിഴവുകള്‍ പോലും ധനസഹായം കൈമാറുന്നതിനുള്ള നടപടികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും ധനസഹായം തടസ്സങ്ങളില്ലാതെ ലഭ്യമാക്കുന്നതിന് കൃത്യമായ ബാങ്ക് വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
