യൂറോപ ലീഗ്: നോട്ടിങ്ഹാം, സ്റ്റുട്ട്ഗാർട്ട് നോക്കൗട്ടിൽ

നോട്ടിങ്ഹാം താരം ഹഡ്സൺ ഒഡോയിയുടെ ഗോൾ ആഘോഷം
ലണ്ടൻ: ആദ്യപാദത്തിലെ വൻമാർജിൻ ജയം തുണച്ച് നോട്ടിങ്ഹാം ഫോറസ്റ്റ് യൂറോപ ലീഗ് നോക്കൗട്ടിൽ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഫെനർബാഹിയോട് 2-1ന് തോൽവി വഴങ്ങിയെങ്കിലും ഇരുപാദങ്ങളിലായി സ്കോർ 4-2ലെത്തിച്ചാണ് ടീം പ്രീക്വാർട്ടർ ഉറപ്പാക്കിയത്. പ്രിമിയർ ലീഗിൽ പക്ഷേ, ഏറെ പിറകിൽ 17ാമതാണ് നോട്ടിങ്ഹാം.
ജർമൻ ടീമായ സ്റ്റുട്ട്ഗാർട്ടും മുന്നേറിയിട്ടുണ്ട്. കെൽറ്റികിനെതിരെ ഇരുപാദങ്ങളിലായി ഇതേ മാർജിനിലായിരുന്നു സ്റ്റുട്ട്ഗാർട്ടിന്റെയും ജയം. ഒലിവർ ജിറൂദിന്റെ ഗോളിൽ കളി എക്സ്ട്രാ ടൈമിലെത്തിച്ച് ഫ്രഞ്ച് ടീമായ ലിലെയും നോക്കൗട്ടിലെത്തി. റെഡ് സ്റ്റാറിനെയാണ് എക്സ് ട്രാം ടൈം ഗോളിൽ കടന്ന് ലിലെ അവസാന 16ൽ ഇടമുറപ്പിച്ചത്. ബൊളോണ, ഗെങ്ക്, പാനാതിനായ്കോസ് ടീമുകളും മുന്നേറി.
ഐ.എസ്.എൽ: ജംഷഡ്പൂരിന് ജയം
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈവോൾട്ടേജ് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ജംഷഡ്പൂർ എഫ്.സി. ആദ്യ പകുതിയിൽ ഗോൾവീണ് പിറകിലായിട്ടും തളർച്ച കാട്ടാതെ പിടിച്ചുകയറിയാണ് രണ്ടെണ്ണം തിരിച്ചടിച്ച് ടീം ജയം പിടിച്ചത്. മൂന്നു കളികളിൽ ഒമ്പത് പോയിന്റുള്ള ജംഷഡ്പൂരാണ് പട്ടികയിൽ ഒന്നാമത്. അത്രയും കളിച്ച് ആറു പോയിന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാമതും നിൽക്കുന്നു. ബംഗാൾ ടീമിനായി എഡ്മണ്ട് ലാൽറിൻഡികയും ജംഷഡ്പൂരിനായി സ്റ്റീഫൻ എസെ, ജപ്പാൻ താരം റീ ടാറ്റികാവ എന്നിവരും വല കുലുക്കി.
