റയലിൽനിന്ന് വിളി പ്രതീക്ഷിച്ചു, റൊണാൾഡോ അൽ നസ്ർ തെരഞ്ഞെടുത്തത് അവസാന നിമിഷം

മാഡ്രിഡ്: സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്‌റിൽ ചേരുന്നതിന് മുമ്പ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽനിന്ന് വിളി പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ട്. നാൽപ്പത് ദിവസം കാത്തിരുന്നിട്ടും വിളി വരാത്തതിനെ തുടർന്നാണ് താരം സൗദി ക്ലബ്ബിന്റെ മോഹിപ്പിക്കുന്ന ഓഫർ സ്വീകരിച്ചതെന്ന് സ്പാനിഷ് കായിക മാധ്യമമായ മാഴ്‌സ പറയുന്നു. ലോകകപ്പിൽനിന്ന് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ റയൽ മാഡ്രിഡിന്റെ പരിശീലന മൈതാനത്ത് ക്രിസ്റ്റ്യാനോ ട്രയിനിങ്ങ് നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ. റയലിനായി 438 മത്സരങ്ങളിൽ നിന്ന് 451 ഗോളുകൾ നേടിയിട്ടുണ്ട്. 2009 മുതൽ 2018 വരെയുള്ള കാലയളവിലാണ് താരം സ്പാനിഷ് വമ്പന്മാർക്കായി ബൂട്ടുകെട്ടിയത്. ക്ലബ്ബിനു വേണ്ടി നാല് യൂറോപ്യൻ കപ്പ്, മൂന്ന് ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ്, രണ്ട് ലാ ലീഗ കിരീടം, രണ്ട് കോപ്പ ഡെൽ റേ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.

പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ഇടക്കാലത്ത് അവസാനിപ്പിച്ചതിന് പിന്നാലെ ഫ്രീ ഏജന്റായിരുന്നു ക്രിസ്റ്റ്യാനോ. സ്വകാര്യ ടെലിവിഷൻ ഇന്റർവ്യൂവിൽ കോച്ച് എറിക് ടെൻഹാഗിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് താരവുമായുള്ള കരാർ യുണൈറ്റഡ് അവസാനിപ്പിച്ചത്. തുടർച്ചയായി തന്നെ ബഞ്ചിലിരുത്തിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ കോച്ചിനെതിരെ രംഗത്തുവന്നത്.

ക്ലബ്ബിനു പിന്നാലെ, പോർച്ചുഗലിന്റെ അവസാന ലോകകപ്പ് മത്സരങ്ങളിലും സൂപ്പർ താരം ബഞ്ചിലിരിക്കേണ്ടി വന്നിരുന്നു. മൊറോക്കോയ്‌ക്കെതിരെയുള്ള നിർണായക ക്വാർട്ടർ ഫൈനലില്‍ കോച്ച് ഫെർണാണ്ടോ സാന്റോസ് സ്‌ട്രൈക്കറെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്താത്തത് ഏറെ ചര്‍ച്ചയായിരുന്നു. ലൂയി ഫിഗോ അടക്കമുള്ള മുന്‍ പോര്‍ച്ചുഗല്‍ താരങ്ങൾ സാന്റോസിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. മത്സരം തോറ്റ ശേഷം ഏകനായി കണ്ണീരോടെയാണ് താരം മൈതാനം വിട്ടത്.

പ്രതിവർഷം 177 മില്യൺ പൗണ്ടാണ് അൽ നസ്‌റിൽ ക്രിസ്റ്റ്യാനോയുടെ പ്രതിഫലം- 1770 കോടി ഇന്ത്യൻ രൂപ. കളിക്കുന്നതിന് മാത്രം കിട്ടുന്നത് 62 ദശലക്ഷം പൗണ്ടാണ്, 620 കോടി രൂപ. ഇമേജ് റൈറ്റ്, പരസ്യം അടക്കമുള്ള വരുമാനമാണ് മറ്റുള്ളവ. വർഷം 260 കോടി രൂപയായിരുന്നു മാഞ്ചസ്റ്ററിൽ താരത്തിന്റെ പ്രതിഫലം. രണ്ടര വർഷത്തേക്കാണ് സൗദി ക്ലബ്ബുമായുള്ള കരാർ.

Leave a Reply

Your email address will not be published. Required fields are marked *