‘പുറത്താക്കലല്ല നടപടി’; ശിക്ഷാ നടപടിയുടെ പേരിൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കുന്നതിനെതിരെ ബാലവകാശ കമ്മിഷൻ
ശിക്ഷാ നടപടിയുടെ പേരിൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കുന്നതിന് എതിരെ ബാലവകാശ കമ്മിഷൻ. ചെറിയ കാര്യങ്ങൾക്ക് പോലും ടി.സി നൽകുന്നത് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയാത്തവർ. കുട്ടികളെ തിരിച്ചെടുക്കണമെന്ന നിർദേശം പല സ്കൂളുകളും പാലിക്കുന്നില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പ്രതികരിച്ചു.action
കുട്ടികളെ സംസ്കാര സമ്പന്നരായി വളർത്തുന്നതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കാണെന്ന് കെ വി മനോജ് കുമാർ പറഞ്ഞു. ചെറിയ പ്രശ്നങ്ങൾക്ക് പുറത്താക്കുകയല്ല വേണ്ടത് ശരിയായ ദിശയിൽ കുട്ടികളെ അധ്യാപകർ നയിക്കണമെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ടി.സി നൽകിയാൽ ഉത്തരവാദിത്വം തീർന്നു എന്നാണ് ചിലരുടെ ധാരണയെന്നും അധ്യാപകർക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടികളെ തിരിച്ചെടുക്കുന്നതിനുള്ള കമ്മീഷൻ നിർദ്ദേശങ്ങൾ പല സ്കൂളുകളും പാലിക്കുന്നില്ല. കമ്മീഷന്റെ ഉത്തരവുകൾ നിർദ്ദേശങ്ങളാണ്. അതിനർത്ഥം അത് തള്ളിക്കളയേണ്ടതാണ് എന്നല്ലെന്ന് അദ്ദേഹം പറഞ്ഞു. വീഴ്ച ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ മുന്നറിയിപ്പ് നൽകി.