കള്ളന് കഞ്ഞിവെച്ച് കേന്ദ്രം; വ്യാജ ചെലാൻ തട്ടിപ്പിന് വഴിയൊരുക്കിയത് കേന്ദ്രത്തിന്റെ വാഹന ഡേറ്റ കച്ചവടം

തിരുവനന്തപുരം: വാഹന ഉടമകളുടെ മൊബൈൽ ഫോണുകളിലേക്ക് വ്യാജ ചെലാൻ സന്ദേശമയച്ചുള്ള തട്ടിപ്പുകൾക്ക് വഴിയൊരുക്കിയത് വാഹനവിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽപനക്കുവെച്ച കേന്ദ്രസർക്കാർ തീരുമാനം.
2019ലെ ബൾക്ക് ഡേറ്റാ ഷെയറിങ് നയം നടപ്പാക്കിയതിലൂടെ സ്വകാര്യ ഏജൻസികൾക്ക് വാഹൻ-സാരഥി വിവരങ്ങൾ വിറ്റ ഇനത്തിൽ 111 കോടിയാണ് സർക്കാർ സമാഹരിച്ചത്.
സ്വകാര്യതാ ആശങ്കകളെ തുടർന്ന് വിൽപന നിർത്തിയെങ്കിലും ഇതിനകം കൈമാറിയ വിവരങ്ങൾ തട്ടിപ്പ് സംഘങ്ങൾ കൈക്കാലാക്കിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്ന തട്ടിപ്പുവിവരങ്ങൾ അടിവരയിടുന്നത്.
വാഹൻ സോഫ്റ്റ്വെയറിൽ ഉടമ നൽകിയ മൊബൈൽ ഫോൺ നമ്പറിൽ വാഹനത്തിന്റ നമ്പറടക്കമാണ് വ്യാജ പിഴ സന്ദേശമെത്തുന്നത്. പൊലീസും മോട്ടോർ വാഹനവകുപ്പും പിഴചുമത്തി അയക്കുന്ന സന്ദേശത്തിന്റെ അതേ വാചകഘടനയിലാണ് വ്യാജസന്ദേശവും.
പൊലീസിന്റെ പിഴ സന്ദേശത്തിൽ ചലാൻതുക അടക്കേണ്ട പോർട്ടലിന്റെ ലിങ്കാണെങ്കിൽ, വ്യാജ സന്ദേശത്തിൽ ഒപ്പമുള്ളത് വ്യാജആപ്പിന്റെ ലിങ്കാണ്. ലിങ്ക് ഇൻസ്റ്റാൾ ചെയ്യുന്നതോടെ തട്ടിപ്പുകാരുടെ വലയിലേക്കാണ് ഉടമകളെത്തുക. മോട്ടോർ വാഹന വകുപ്പാകട്ടെ മുന്നറിയിപ്പ് നൽകുന്നതല്ലാതെ തട്ടിപ്പ് തടയാൻ വഴിയൊന്നുമില്ലാതെ കൈമലർത്തുന്നു.
വാഹന രജിസ്ട്രേഷൻ രേഖകൾ കൈകാര്യം ചെയ്യുന്ന ‘വാഹൻ’, ഡ്രൈവിങ് ലൈസൻസുകൾക്കും അനുബന്ധ സേവനങ്ങൾക്കുമായുള്ള ‘സാരഥി’, ഗതാഗത നിയമലംഘനങ്ങളും പിഴകളും കൈകാര്യം ചെയ്യുന്ന ‘ഇ-ചെലാൻ’, പുകപരിശോധന സർട്ടിഫിക്കറ്റുകൾക്കായുള്ള പി.യു.സി.സി എന്നീ പോർട്ടലുകളിലെ വിവരങ്ങളാണ് കേന്ദ്രം വിൽപനക്കായി തുറന്നുവെച്ചത്.
വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി വിൽക്കുന്നത് പൗരന്മാരുടെ സ്വകാര്യതാ അവകാശത്തെ ലംഘിക്കുന്നുവെന്ന് കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് 2020 ജൂണിൽ ഈ നയം റദ്ദാക്കി.
എന്നാൽ, 2025ൽ ദേശീയ ഗതാഗത നയത്തിലൂടെ വീണ്ടും വിവര വിൽപന പുനരാരംഭിച്ചു. പിഴത്തട്ടിപ്പുകളെ കുറിച്ച് വ്യാപക പരാതികളുയർന്നതോടെ കഴിഞ്ഞമാസം ഒന്നുമുതൽ അടിയന്തരമായി തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഏഴ് വർഷക്കാലം സ്വതന്ത്രമായി കൈമാറിയ ഈ വാഹനവിവരങ്ങളാണ് ഇപ്പോൾ തട്ടിപ്പിനുളു കെണിയായി മാറുന്നത്.
29 രൂപക്ക് 15 വാഹനവിവരങ്ങൾ; ആപ്പുകൾ സജീവം
തിരുവനന്തപുരം: വെറും 29 രൂപ നൽകിയാൽ ആർക്കും 15 വാഹന വിവരങ്ങൾ തിരയാനും അറിയാനും അനുമതി നൽകുന്ന ആപ്പുകൾ ഇപ്പോഴും പ്ലേ സ്റ്റോറുകളിൽ സജീവമാണ്. അതായത് ഒരു തെരച്ചിലിന് 1.93 രൂപ മാത്രം.
വാഹനരജിസ്ട്രേഷൻ നമ്പർ മാത്രം നൽകിയാൽ ഉടമയുടെ പൂർണ നാമം, പിതാവിന്റെ പേര്, നിലവിലെയും സ്ഥിരവുമായ വിലാസങ്ങൾ, ഇൻഷുറൻസ് വിവരങ്ങൾ, ഫിനാൻസിയർ, ഷാസി-എൻജിൻ നമ്പറുകൾ, പി.യു.സി സർട്ടിഫിക്കറ്റ് വിവരങ്ങൾ എന്നിവ കിട്ടും.
പരിവാഹൻ പോർട്ടലിൽ വാഹന ഉടക്ക് പോലും സ്വന്തം വിവരങ്ങളിലേക്ക് എത്താൻ ഒ.ടി.പി വഴി അക്കൗണ്ട് സ്ഥിരീകരിക്കലടക്കം അതിസുരക്ഷ നടപടിക്രമങ്ങളുള്ളപ്പോഴാണിത്.
10 ലക്ഷത്തിലധികം ഡൗൺലോഡുകളാണ് ഇത്തരം ആപ്പുകൾക്കുള്ളതെന്നത് തട്ടിപ്പിന്റെ വൈപുല്യം അടിവരയിടുന്നു. ഇതിനുപുറമെ, അഞ്ച് രൂപ നൽകിയാൽ തത്സമയം വാഹന വിവരങ്ങൾ നൽകുന്ന ടെലഗ്രാം ബോട്ടുകളും സജീവമാണ്.
ലൈസൻസുള്ള ഏജൻസികൾക്ക് സർക്കാർ നൽകിയ ഔദ്യോഗിക ലോഗിൻ വിവരങ്ങൾ ചോർത്തിയാണ് ഈ വിവരങ്ങൾ ടെലിഗ്രാം ബ്രോക്കർമാർ ശേഖരിച്ചതെന്നാണ് വിവരം.
അനുവദിച്ചത് 25,314 സ്വകാര്യ ലോഗിനുകൾ
തിരുവനന്തപുരം: റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കേന്ദ്ര ഡേറ്റാബേസായ നാഷനൽ ട്രാൻസ്പോർട്ട് റിപ്പോസിറ്ററിയിൽ നിന്നാണ് സ്വകാര്യ ഏജൻസികൾക്ക് വിവരങ്ങൾ പങ്കുവെച്ചത്.
25,314 സ്വകാര്യ ലോഗിൻ അനുമതികളാണ് (ക്രെഡൻഷ്യലുകൾ) നൽകിയത്. 2024 ജനുവരി മുതൽ 2026 സെപ്റ്റംബർ വരെ 33 മാസത്തിനിടയിൽ സ്വകാര്യ അക്കൗണ്ടുകൾ വഴി 1,70,79,998 ( 1.70 കോടി) വാഹന വിവര അന്വേഷണങ്ങളാണ് സ്വകാര്യ ഏജൻസികൾ നടത്തിയത്.
ഇതനുസരിച്ച്, പ്രതിദിനം വാഹനവിവരങ്ങൾക്കായുള്ള 17,000 അന്വേഷണങ്ങൾ നടന്നു. 2024 ജനുവരി മുതൽ 2025 ജൂലൈ വരെ പ്രതിമാസം 5.9 ലക്ഷം മുതൽ 9.4 ലക്ഷം വരെ (ശരാശരി 6,95,366)യായിരുന്നു വിവരം തേടൽ.
