വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: നിഖില്‍ തോമസിന് സസ്‌പെൻഷൻ, നിയമനടപടി സ്വീകരിക്കുമെന്ന് എം.എസ്.എം കോളേജ്

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൽ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ എം.എസ്എം കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കോളേജ് കൗൺസിലിന്റേതാണ് തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചു, അന്വേഷണ കമ്മീഷൻ രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ പറഞ്ഞു.

‘അന്ന് സംശയം തോന്നിയിരുന്നില്ല. അതുകൊണ്ടാണ് അഡ്മിഷൻ നൽകിയത്. കേളേജിന്റെ ഭാഗത്ത് തെറ്റില്ല. സർവകലാശാല സർട്ടിഫിക്കറ്റിൽ അപാകത ആദ്യം കണ്ടെത്തിയിരുന്നില്ല’- പ്രിൻസിപ്പൽ പറഞ്ഞു.

അധ്യാപകർക്കെതിരെയും നടപടി വേണമെന്ന യോഗത്തിൽ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകർക്കെതിരായ നടപടി അന്വേഷിച്ചതിനു ശേഷം മാത്രമേ സാധിക്കുമെന്ന് കോളേജ് അധികാരികൾ മറുപടി നൽകി

കായംകുളം എംഎസ്എം കോളേജിൽ പിജി പ്രവേശനത്തിന് എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെയാണ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ നിഖില്‍ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. നിഖിലിന്റെത് വ്യാജ സർട്ടിഫിക്കറ്റ് അല്ല എന്നും കലിംഗയിൽ റെഗുലർ കോഴ്സ് പഠിച്ചാണ് സർട്ടിഫിക്കറ്റ് നേടിയതെന്നും അത് ഒറിജിനൽ ആണെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റെ പിഎം ആർഷോ പറഞ്ഞത്. എന്നാല്‍ കേരള സർവകലാശാല വിസി തന്നെ നിഖിൽ തോമസിന്റേത് വ്യാജ ഡിഗ്രിയാണെന്ന പ്രാഥമിക നിഗമനം പങ്കുവെച്ചത്. തൊട്ടുപിന്നാലെ നിഖിൽ തോമസ് എന്ന വിദ്യാർത്ഥി കലിംഗ സർവകലാശാലയിൽ പഠിച്ചില്ലെന്ന് രജിസ്ട്രാൻ സന്ദീപ് ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *