‘ഞാൻ പാകിസ്താനിൽനിന്നാണ്, ഐ ലവ് യൂ!’, ആരാധക ഹൃദയം കീഴടക്കി സഞ്ജു; വിഡിയോ വൈറൽ

സാനോ (ജപ്പാൻ): ജപ്പാനെതിരെയുള്ള ഏക ട്വന്‍റി20 മത്സരത്തിനുശേഷം മലയാളി താരം സഞ്ജു സാംസണും ഒരു ആരാധകനും തമ്മിലുള്ള രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡഗ് ഔട്ടിലുള്ള സഞ്ജുവിനോട് ഗാലറിയിലിരുന്ന് ഒരു ആരാധകൻ സംസാരിക്കുന്നതാണ് വിഡിയോ.

ഓട്ടോഗ്രാഫ് ചോദിച്ച് ആദ്യം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയാണ് ആരാധകൻ വിളിക്കുന്നതെങ്കിലും താരം തിരിഞ്ഞുനോക്കിയില്ല. പിന്നാലെയാണ് സഞ്ജുവിന്‍റെ പേര് വിളിക്കുന്നത്. “സഞ്ജു, ഐ ലവ് യൂ. അഭിഷേകിനെ ഒന്ന് വിളിക്കാമോ” എന്ന് ആരാധകൻ വിളിച്ചുചോദിക്കുന്നത് വിഡിയോയിൽ കേൾക്കാനാകും. ആരാധകൻ തന്നെയാണ് ഈ വിഡിയോ പകർത്തിയത്. അഭിഷേക് ശർമ ഇപ്പോൾ ഭക്ഷണം കഴിക്കുകയാണെന്നും അതിന് ശേഷം പുറത്തേക്ക് വരുമെന്നും സഞ്ജു മറുപടി നൽകുന്നുണ്ട്. “അവൻ (അഭിഷേക്) ഭക്ഷണം കഴിക്കുകയാണ്. അതു കഴിഞ്ഞ് വരും. മത്സരം കഴിഞ്ഞതേയുള്ളൂ, ഞങ്ങൾക്ക് കുറച്ച് സമയം തരൂ’’ സഞ്ജു ആരാധകന് മറുപടി നൽകി.

ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് അവിടെ വെച്ച് കാണാമെന്നും സഞ്ജു ആരാധകനോട് പറയുന്നുണ്ട്. തൊട്ടുപിന്നാലെയാണ് താൻ പാകിസ്താനിൽനിന്നുള്ളയാളാണെന്ന് ആരാധകൻ വെളിപ്പെടുത്തുന്നത്. “ഞാൻ അവിടെ കാത്തുനിൽക്കാം, പക്ഷേ ഞാൻ പാകിസ്താനിൽ നിന്നുള്ളയാളാണ്. ഐ ലവ് യൂ!” എന്നാണ് ആരാധകൻ സഞ്ജുവിനോട് പറഞ്ഞത്. അതിർത്തികൾ കടന്നും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് സഞ്ജു. താരത്തോടുള്ള ആദരവും സ്നേഹവും ലളിതവും രസകരവുമായ സംഭാഷണത്തിൽ പ്രകടമാണ്.

ജപ്പാനെതിരായ മത്സരത്തിൽ രണ്ടു റൺസിനാണ് ഇന്ത്യ വിജയിച്ചത്. മഴമൂലം അഞ്ച് ഓവറാക്കി വെട്ടിച്ചുരുക്കിയ കളിയിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസേ നേടാനായുള്ളൂ. ജപ്പാൻ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് 30 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. അവസാന ഓവറിൽ ജയിക്കാൻ ആവശ്യം എട്ട് റൺസായിരുന്നു. സ്പിന്നർ അക്ഷർ അഞ്ച് റൺസിൽ ജപ്പാൻ ബാറ്റർമാരെ ചുരുക്കി. 16 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരാണ് കളിയിലെ കേമൻ. ഓപണർ അഭിഷേക് ശർമ (0) നേരിട്ട ആദ്യ പന്തിൽ ചാർളി ഹര ഹിൻസെക്ക് വിക്കറ്റ് നൽകി. രണ്ടാം ഓവറിൽ മറ്റൊരു ഓപണർ സഞ്ജു സാംസണും (9) പുറത്ത്. ഇബ്രാഹീം തകഹാഷിയുടെ പന്തിൽ ബെഞ്ചമിൻ ഇറ്റോ ഡേവിസിന് ക്യാച്ച്. ഇഷാൻ കിഷൻ (3) ഇറ്റോ ഡേവിസിന് വിക്കറ്റ് നൽകി. ശ്രേയസ്സിനെ ഹിൻസെയും മടക്കി.

ജാപ്പനീസ് ഓപണർ ലച്ച്ലാൻ യമാമോട്ടോ ലേക്ക് (1) ആദ്യ ഓവറിൽ റണ്ണൗട്ട്. രണ്ടാം ഓവറിൽ തകാഹാഷിയെ (4) വാഷിങ്ടൺ സുന്ദർ പറഞ്ഞുവിട്ടു. ഓപണറും നായകനുമായ കെൻഡൽ കഡോവാകി ഫ്ലമിങ് 12 റൺസ് ചേർത്തു. നാലാം ഓവറിലെ ആറാം പന്തിൽ വാഷിങ്ടണിന് രണ്ടാം വിക്കറ്റ് സമ്മാനിക്കുകയായിരുന്നു കഡോവാകി. സ്കോർ മൂന്നിന് 25. ഒടുവിൽ അക്ഷർ ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.